ദുബൈ വിസ: ഇനി ഇമെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ മാത്രം സ്വീകാര്യം

40
ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെഡിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) വിസാ നടപടികള്‍ക്ക് ഇമെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച്, ദുബൈയില്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള ഓണ്‍ലൈന്‍ ലിങ്ക് മുഖാന്തിരമുള്ള മെഡിക്കല്‍ പരിശോധനാ ഫലമാണ് സ്വീകരിക്കുക. നിലവില്‍ മെഡിക്കല്‍ റിസള്‍ട്ടുകള്‍ ഇമെയിലില്‍ പിഡിഎഫ് രൂപത്തില്‍ അയച്ചു കൊടുക്കുന്ന രീതിയാണുള്ളത്. അതിന്റെ പ്രിന്റെടുത്ത് ആമര്‍ കേന്ദ്രങ്ങളില്‍ വിസാ അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന പതിവാണുണ്ടായിരുന്നത്. അത്തരത്തിലുള്ള പ്രക്രിയകള്‍ക്കാണ് മാറ്റം വരുന്നത്.
ഫെബ്രുവരി 14 മുതല്‍ ജിഡിആര്‍എഫ്എഡി ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്‌ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ് ഔട്ടിന്റെ ആവശ്യകത ഇല്ലാതാവുകയും ചെയ്യും.
ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമാരംഭിചച ദുബൈ പേപര്‍ലസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റം. സമഗ്രമായി കടലാസ് രഹിത സര്‍ക്കാര്‍ ചട്ടക്കൂട് നിര്‍മിക്കാനും ദുബൈയെ സമ്പൂര്‍ണ സ്മാര്‍ട് സിറ്റിയാക്കാനുള്ള
നേതൃപരമായ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഘട്ടം ഘട്ടമായ ഈ നടപടികള്‍.
അഥോറിറ്റികളിലെ ജീവനക്കാരനോ ഉപയോക്താവോ 2021ന് ശേഷം കടലാസ് അച്ചടിക്കേണ്ടതില്ലെന്ന് ദുബൈ പേപര്‍ലസ് സ്ട്രാറ്റജി ലക്ഷ്യം വെക്കുന്നു. പ്രതിവര്‍ഷം സര്‍ക്കാര്‍ ഇടപാടുകളിലുള്ള ഒരു ബില്യണ്‍ കടലാസുകളുടെ ഉപയോഗം ദുബൈ പേപര്‍ലസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകും.
വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്. പുതിയ താമസ വിസ പാസ്‌പോര്‍ട്ടില്‍ അടിക്കാനും അത് പുതുക്കാനുമുള്ള പ്രധാന നടപടിയാണ് ഉപയോക്താവിന്റെ ആരോഗ്യ പരിശോധന. അതിലെ ഫലം ലഭ്യമായാല്‍ മാത്രമേ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ദുബൈയിലെ ആമര്‍ കേന്ദ്രങ്ങളിലും ടൈപ്പിംഗ് സെന്ററുകളിലും പരിശോധനക്കുള്ള അപേക്ഷ ടൈപ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യ വകുപ്പിലേക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കിയാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. ഫീസിന്റെ അടിസ്ഥാനത്തില്‍ സമയ ബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ഇതിനുണ്ട്.