ഇ.അഹമ്മദ് സ്മാരക അന്താരാഷ്ട്ര പുരസ്‌കാരം കെ.സുധാകരന്‍ എംപിക്ക്

അനുസ്മരണ പ്രഭാഷണവും പുരസ്‌കാര വിതരണവും ഫെബ്രുവരി 25ന് രാത്രി 7ന്

മസ്‌കത്ത്: മുന്‍ വിദേശ കാര്യ സഹ മന്ത്രി ഇ.അഹമ്മദിന്റെ സ്മരണാര്‍ത്ഥം മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് അന്താരാഷ്ട്ര പുരസ്‌കാരത്തിന് ലോക്‌സഭാംഗം കെ.സുധാകരന്‍ അര്‍ഹനായി.
കെഎംസിസി കേന്ദ്ര കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പാര്‍ലമെന്റിലും പുറത്തും പിന്നാക്ക-ന്യൂനപക്ഷ വിഷയങ്ങളിലെ സജീവ ഇടപെടലുകളും മതേതര കാഴ്ചപ്പാടിനായി നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് രണ്ടാമത് പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇ.അഹമ്മദ് അനുസ്മരണ പ്രഭാഷണവും പുരസ്‌കാര വിതരണവും ഫെബ്രുവരി 25ന് വൈകുന്നേരം ഒമാന്‍ സമയം ഏഴ് മണിക്ക് സംഘടിപ്പിക്കുമെന്ന് മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി,
പി.വി അബ്ദുല്‍ വഹാബ് എംപി, അവാര്‍ഡ് ജേതാവ് കെ.സുധാകരന്‍ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.