മുഖമാണ് യാത്രാ രേഖ; ദുബൈ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് അതിവേഗ യാത്രാ നടപടി

16
ദുബൈ എയര്‍പോര്‍ട്ടില്‍ ആരംഭിച്ച ബയോമെട്രിക് അതിവേഗ പാതയിലൂടെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നവര്‍

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മന്‍പ് ആളുകള്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍, ഇതെല്ലാം മടക്കി വെച്ച് ടിക്കറ്റ് ചെക്കിംഗ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന യാത്രാ സംവിധാനം കഴിഞ്ഞ ദിവസം ദുബൈ എയര്‍പോര്‍ട്ടില്‍ നിലവില്‍ വന്നിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അധിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്‌പോര്‍ട്ട് മാത്രമല്ല, ബോര്‍ഡിംഗ് പാസ് വരെ ഈ നടപടിക്ക് ആവിശ്യമില്ല. എല്ലാം മുഖം തിരിച്ചറിയിക്കാനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍വഹിക്കും. ചുരുക്കത്തില്‍, പാസ്‌പോര്‍ട്ടിന് പകരം മുഖം കാട്ടി വിമാന യാത്ര ചെയ്യാന്‍ കഴിയും. ഇവിടെ മുഖമാണ് യാത്രാ രേഖ. അഞ്ചു മുതല്‍ 9 വരെ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഈ യാത്രാ നടപടി സാധ്യമാകുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി നിര്‍വഹിച്ചു.

മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ബയോ മെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ ഇരട്ടകളെ പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സേഫ്റ്റ്‌വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. ടിക്കറ്റ് ചെക്കിംഗ് പവലിയന് മുന്നില്‍ സ്ഥാപിച്ച കാമറയില്‍ നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യ ഘട്ടം. തുടര്‍ന്ന്, എമിഗ്രേഷന്‍ നടപടിക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച കാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റേതാണന്ന് സിസ്റ്റം ഉറപ്പു വരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകള്‍ ഓരോന്നായി തുറക്കും. എന്നാല്‍, സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ ആദ്യ തവണ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകര്‍ത്തുകയും വേണം. പിന്നീട്, തുടര്‍ യാത്രക്ക് ഈ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഈ യാത്രക്ക് പാസ്‌പോര്‍ട്ട് അവിശ്യമില്ലെങ്കില്‍ തങ്ങളുടെ എല്ലാ യാത്രാ രേഖകളും എപ്പോഴും യാത്രക്കാര്‍ കയ്യില്‍ കരുതണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ശന്‍കീതി

ആദ്യ ഘട്ടത്തില്‍ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ് ക്‌ളാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട് ഗേറ്റിലൂടെയും സ്മാര്‍ട് ടണലിലൂടെയും യാത്രക്കാര്‍ക്ക് കടന്നു പോകാം. പുതിയ സംവിധാനം എയര്‍പോര്‍ട്ടില്‍ ഒപ്പമുള്ള യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യ പടിയാണെന്ന് മേജര്‍ ജനറല്‍ അല്‍മര്‍റി പറഞ്ഞു. എമിറേറ്റ്‌സുമായി സഹകരിച്ച് ദുബൈ വിമാനത്താവളങ്ങളില്‍ ഈ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ട്. സ്മാര്‍ട് ടണല്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തടസ്സമില്ലാത്ത യാത്രക്കായി ബയോമെട്രിക് പാത ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംരംഭങ്ങളെല്ലാം യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ കാഴ്ചപ്പാടിനനുസൃതമായാണ് നിലവില്‍ വന്നിരിക്കുന്നത്. ഈ സംരംഭം ആത്യന്തികമായി വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡ് 19 യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ദുബൈ എമിറേറ്റ് വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നപ്പോള്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ജിഡിആര്‍എഫ്ണ്ഡിയിലെ ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ശന്‍കീതി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുന്‍പ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലൂടെ പ്രതിദിനം മൂവായിരത്തോളം യാത്രക്കാരുണ്ട്. തടസ്സമില്ലാത്ത യാത്രക്കായി സ്മാര്‍ട് ഗേറ്റുകള്‍ പരിഷ്‌കരിച്ചന്നും അദ്ദേഹം വ്യക്തമാക്കി.
17 വയസിന് മുകളിലുള്ള യാത്രക്കാര്‍ക്ക് ബയോമെട്രിക് പാതയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുഖം സ്‌കാന്‍ ചെയ്യാന്‍ സ്മാര്‍ട് ഗേറ്റുകളില്‍ എത്തുമ്പോള്‍ മാസ്‌ക് നീക്കം ചെയ്യണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ പരീക്ഷണ ഘട്ടത്തില്‍ ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് ബ്രിഗേഡിയര്‍ തലാല്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് ആവശ്യമില്ലാത്തതിനാല്‍ അത്യാധുനിക സംവിധാനം കടലാസ് ഉപയോഗം കുറക്കും. കോവിഡ് 19 പശ്ചാത്തലത്തില്‍ ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാ നടപടിയാണ് പ്രാധാന്യം ചെയ്യുന്നത്