ജിഡിആര്‍എഫ്എ ദുബൈ 69 വ്യക്തികള്‍ക്ക് കള്‍ചറല്‍ വിസ അനുവദിച്ചു

എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറില്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി സംസാരിക്കുന്നു

ദുബൈ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) ഇതുവരെ 69 വ്യക്തികള്‍ക്ക് കള്‍ചറല്‍ വിസ അനുവദിച്ചുവെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. ദുബൈയില്‍ നടക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അല്‍മര്‍റി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്‌കാരം, കല എന്നീ മേഖലകളിലെ നിക്ഷേപകര്‍ക്കും, സംരഭകര്‍ക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവര്‍ക്കും രാജ്യത്ത് താമസ അനുമതി നല്‍കുന്ന സംവിധാനമാണ് സാംസ്‌കാരിക വിസ.
ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹലാ അല്‍ ബദ്‌രിയും ഈ വിസയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചടങ്ങില്‍ വിശദീകരിച്ചു.
2019ല്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകതൂമാണ് കലാ-സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി വേണ്ടി ഇത്തരത്തിലുള്ള ഒരു വിസാ സംവിധാനം പ്രഖ്യാപിച്ചത്. 2020ല്‍ ഈ വിസാക്കായി 220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ നിന്ന് അര്‍ഹരായ 124 പേര്‍ക്ക് ഗോള്‍ഡ് വിസ അനുവദിക്കാന്‍ ജിഡിആര്‍എഫ്എ ദുബൈയോട് ശുപാര്‍ശ ചെയ്തു. അതില്‍ 69 വ്യക്തികള്‍ക്ക് ദീര്‍ഘ കാല വിസ അനുവദിച്ചു. 59 പേരുടെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഹലാ അല്‍ബദ്‌രി വെളിപ്പെടുത്തി.
ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ വിസാ നടപടി നടപ്പാക്കുന്നത്. നാമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കലാ-സാംസ്‌കാരിക മേഖലകളിലെ വ്യക്തികള്‍ക്ക് ജിഡിആര്‍എഫ്എ പ്രധാന ഓഫീസ് സന്ദര്‍ശിച്ച് ഗോള്‍ഡ് വിസ ലഭിക്കുന്നതാണെന്ന് മേജര്‍ ജനറല്‍ അല്‍മര്‍റി വ്യക്തമാക്കി. സംസ്‌കാരത്തിന്റെയും കലകളുടെയും മുഖ്യ ആകര്‍ഷണ ഇടമാണ് യുഎഇ. അത് രാജ്യത്തിന്റെ വിലയേറിയ നിക്ഷേപ മേഖലയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷത്തെ ഈ വിസ കാലഹരണപ്പെടുമ്പോള്‍ വീണ്ടും പരിശോധിച്ച് അത് പുതുക്കി നല്‍കുന്നതാണ്. സാംസ്‌കാരിക വിസ കൂടാതെ, നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിവിധ മേഖലകളിലെ കഴിവു തെളിയിച്ച പ്രതിഭകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ദീര്‍ഘ കാല വിസ അനുവദിക്കുന്ന വിവിധ നടപടികളും യുഎഇയില്‍ നിലവിലുണ്ട്.