ഹാബിറ്റാറ്റ് ഡിജിറ്റല്‍ ഫെസ്റ്റ്: വിദ്യാര്‍ത്ഥികളുടെ പുതുമയാര്‍ന്ന ഗവേഷണ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു

ബോംബെ ഐഐടിയിലെ ഗവേഷകന്‍ ഡോ. രാംകുമാര്‍ രാജേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സോള്‍ട്ടന്‍ മോള്‍നാര്‍ മുഖ്യ പ്രഭാഷണം നടത്തി

അജ്മാന്‍: യുഎഇയിലെ ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂള്‍സ് രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. ഫെബ്രുവരി 4 ന് നടന്ന ‘ഹാബിറ്റാറ്റ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഫെസ്റ്റി’ല്‍ പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ആനിമേഷന്‍, വെബ് ഡെവലപ്‌മെന്റ് എന്നിവയുടെ പ്രദര്‍ശനമാണ് നടന്നത്. ഹാബിറ്റാറ്റ് സ്‌കൂളുകളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഹാബിറ്റാറ്റ് അല്‍ജര്‍ഫ് അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍തല്ല എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ബോംബെ ഐഐടിയിലെ പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ ഡോ. രാംകുമാര്‍ രാജേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സോള്‍ട്ടന്‍ മോള്‍നാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഈ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശം പകരുന്ന അനുഭവമായിരുന്നു.


2014ല്‍ ഹാബിറ്റാറ്റ് സ്‌കൂളാണ് യുഎഇയില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കായി ‘സൈബര്‍ സ്‌ക്വയര്‍’ എന്ന പേരില്‍ ഡീകോഡിംഗ് പ്രോഗ്രാം ആരംഭിച്ചത്. അതിനെത്തുടര്‍ന്ന് 2017ല്‍ ഇന്റര്‍ സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. ശേഷം, നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. കോഡിംഗ് ആണ് ഹാബിറ്റാറ്റിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യ സവിശേഷത. കോഡിംഗിലൂടെയും പ്രോഗ്രാമിംഗിലൂടെയും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ ഒരു ഡിജിറ്റല്‍ ഭാവി കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് ഹാബിറ്റാറ്റ് വിശ്വസിക്കുന്നു. കുട്ടികളുടെ ഇത്തരം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് ഡിജിറ്റല്‍ ഫെസ്റ്റ് കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രസന്റേഷനുകള്‍, വിഷ്വല്‍ കോഡിംഗ്, ഗെയിമുകള്‍, വെബ്‌സൈറ്റുകള്‍, വെബ് മൊബൈല്‍ ആപ്‌ളികേഷനുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ് /ലോട്ട് ആനിമേഷന്‍, ഡോക്യുമെന്ററി, ഫിലിം, പ്രോഗ്രാമിംഗ് ടിന്‍കര്‍, പ്രോഗ്രാമിംഗ് വെക്‌സ്, പ്രോഗ്രാമിംഗ് പൈത്തണ്‍, പ്രോഗ്രാമിംഗ് വെബ് ഡിസൈന്‍/ഡെവലപ്‌മെന്റ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുകയുണ്ടായി.
266 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍ 180 പ്രൊജക്ടുകള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനങ്ങള്‍ നീരിക്ഷിക്കാനും വിലയിരുത്താനും 22 പ്രഗത്ഭ വിധികര്‍ത്താക്കള്‍ സന്നിഹിതരായിരുന്നു. ഇന്‍ഫോടെക് ഉദ്യോഗസ്ഥരും അജ്മാന്‍, ഷാര്‍ജ, അബുദാബി എമിറേറ്റുകളിലെ സിബിഎസ്‌സി സ്‌കൂളുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കമ്പ്യൂട്ടര്‍ അധ്യാപകരുമടങ്ങുന്ന വിധികര്‍ത്താക്കളുടെ സാന്നിധ്യം പ്രദര്‍ശനത്തിന്റെ വിജയത്തിന് മിഴിവേകി.
പുതുമയുള്ള ഏതാനും പ്രൊജക്ടുകള്‍ ‘സ്റ്റാര്‍ട് സ്മാര്‍ട്’ എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു. ഒന്നാം ക്‌ളാസിലെ ഓണ്‍ലൈന്‍ പഠന സഹായി, ആറാം ക്‌ളാസിലെ സൈബര്‍ കിഡ്‌സ് ലേണിംഗ് പോര്‍ട്ടല്‍, എട്ടാം തരത്തിലെ എന്‍വയണ്‍മെന്റ് റോബോട്ട്, അഞ്ചാം തരത്തിലെ ഡോഡ്ജര്‍ ഗെയിം, ആറിലെ കൊറോണ കില്ലിംഗ് ഗെയിം, രണ്ടിലെ സ്മാര്‍ട് വിന്‍ഡോ ക്‌ളീനിംഗ് സിസ്റ്റം ലോട്ട് പ്രൊജക്ട്, വെബ്‌സൈറ്റ് ഓണ്‍ കോവിഡ് 19, നൂതന വിവരങ്ങള്‍ എന്നിവക്ക് പുറമെ, ഓണ്‍ലൈന്‍ ഫാര്‍മസി, റോബോട്ടിക് ക്രെയിന്‍, ലോര്‍ബി റോബോട്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ‘സ്റ്റാര്‍ട് സ്മാര്‍ട് പ്രൊജക്ടുകള്‍.
വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായ വിവിധ തരം പ്രൊജക്ടുകള്‍ വിദ്യാര്‍ത്ഥികള്‍ ഈ പ്രദര്‍ശനത്തില്‍ കാഴ്ച വെച്ചുവെന്നത് മാത്രമല്ല, ഒന്നാം ക്‌ളാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയും സങ്കീര്‍ണമായ വിവിധ പ്രൊജക്ടുകള്‍ നിര്‍മിക്കുകയും ചെയ്തുവെന്നതും കൂടിയാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ചുവടുവെപ്പുകള്‍ നടത്താന്‍ കഴിയുമെന്ന് ഹാബിറ്റാറ്റിന്റെ വിശ്വാസത്തിന് തെളിവാണ് ഈ പ്രദര്‍ശനത്തിലുടനീളം പ്രകടമായത്.
”ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ ഫലപ്രദവും ഉത്തരവാദിത്തവുമുള്ള ഡിജിറ്റല്‍ പൗരന്മാരായി വാര്‍ത്തെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” -ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്‌കൂള്‍സ് അക്കാദമിക് സിഇഒ ആദില്‍ സി.ടി അഭിപ്രായപ്പെട്ടു.
ഒന്നു മുതല്‍ 12-ാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ പ്രദര്‍ശന പരിപാടി ഹാബിറ്റാറ്റ് സ്‌കൂളുകളുടെ എല്ലാ സമൂഹ മാധ്യമ പേജുകള്‍ വഴിയും തത്സമയ സംപ്രേഷണം നടത്തിയിരുന്നു. ബൃഹത്തായ ഹാബിറ്റാറ്റ് കുടുംബത്തിന് ഇത് ഏറെ പ്രയോജനകരമായി. ഹാബിറ്റാറ്റ് സ്‌കൂള്‍സ് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍നുഐമി മാനേജിംഗ് ഡയറക്ടര്‍ ഷംസുസ്സമാന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമീപ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഭാഷകളിലുള്ള അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നത് പോലെ വളരെ ചെറുപ്പത്തില്‍ തന്നെ ലളിതമായി കോഡിംഗും പ്രോഗ്രാമിംഗുമെല്ലാം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയെന്നതാണ് സൈബര്‍ സ്‌ക്വയര്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഹാബിറ്റാറ്റ് സ്‌കൂള്‍സ് സാങ്കേതിക പങ്കാളിയും സൈബര്‍ സ്‌ക്വയര്‍ ഡെവലപ്പറും ‘ബാബ്‌റ്റെ’ സിഇഒയുമായ മുഹമ്മദ് ഹാരിസ് എന്‍.പി പറഞ്ഞു.
ഹാബിറ്റാറ്റ് സ്‌കൂളുകളുടെ അക്കാദമിക് ആന്‍ഡ് ഇന്നൊവേഷന്‍ ഡീന്‍ വസീം യൂസുഫ് പ്രദര്‍ശന പരിപാടിയില്‍ സ്വാഗതം പറഞ്ഞു. ഹാബിറ്റാറ്റിന്റെ വിവിധ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഖുര്‍റത്തുല്‍ ഐന്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), ബാല റെഡന്നുി (ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ജര്‍ഫ് അജ്മാന്‍), മറിയം നിസാര്‍ (ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍തല്ല, അജ്മാന്‍) എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും സന്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ശ്രദ്ധേയമായ പ്രൊജക്ടുകള്‍ക്കും മത്സരങ്ങള്‍ക്കുമൊടുവില്‍ ഹാബിറ്റാറ് സ്‌കൂള്‍ അല്‍ജര്‍ഫ് ഓവറോള്‍ ജേതാവായി. ഓരോ വിഭാഗത്തിലെയും വിജയികളെയും പ്രത്യേകമായി തെരഞ്ഞെടുത്തു.
സുസ്ഥിരമായ ഒരു സാങ്കേതിക ഭാവി പ്രദാനം ചെയ്യാനായി വിദ്യാര്‍ത്ഥികളുടെ സാങ്കേതിക രംഗത്തെ ക്രിയാത്മകമായ നൂതന കണ്ടെത്തലുകള്‍ ഹാബിറ്റാറ്റ് തുടര്‍ന്നും പ്രോത്സാഹിപ്പിക്കുകയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ നിശ്ചയ ദാര്‍ഢ്യത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാനുതകുന്ന തീവ്രമായ ആവിഷ്‌കാരങ്ങളുടെ വേദിയാണ് ഹാബിറ്റാറ്റിലെ ഡിജിറ്റല്‍ ഫെസ്റ്റുകള്‍ ലക്ഷ്യമാക്കുന്നത്.