വേറിട്ട കാഴ്ച പകര്‍ന്ന് ആര്‍ട് 4 യു ഗാലറിയുടെ ‘ഇന്‍ ലവ് വിത് ബുദ്ധന്‍’ എക്‌സിബിഷന്‍

ദുബൈ: ശ്രീബുദ്ധന്റെ ആശയങ്ങള്‍ ചരിത്രകാരന്മാരും തത്ത്വചിന്തകരും എങ്ങനെ വീക്ഷിക്കുന്നുവെന്ന വ്യത്യസ്ത കാഴ്ച പകരാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ ആര്‍ട്ട് 4 യു ഗാലറി ഒരുക്കിയ ‘ഇന്‍ ലവ് വിത് ബുദ്ധന്‍’ എന്ന പേരിലുള്ള പ്രദര്‍ശനം വേറിട്ടതായി. ശില്‍പങ്ങള്‍ മുതല്‍ പെയിന്റിംഗുകള്‍ വരെയുള്ള നിരവധി കലാസൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ, ഓയില്‍, അക്രിലിക് പോലുള്ള വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൃഷ്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രദര്‍ശനം. വിവിധ കലാകാരന്മാര്‍ ഭൗതിക രൂപത്തില്‍ ദിവ്യ രൂപത്തെ പ്രതിനിധീകരിക്കുന്നു. അമൂര്‍ത്ത പെയിന്റിംഗുകള്‍ ഉപയോഗിച്ച് പ്രകടിപ്പിച്ച ബുദ്ധന്റെ തത്ത്വചിന്തയായ ‘സെന്‍’, ബുദ്ധനെ പരമ്പരാഗത രൂപത്തില്‍ കാട്ടുന്ന ‘താംങ് ക’, ബുദ്ധന്റെ അമൂര്‍ത്ത രൂപങ്ങള്‍ കൂടി ഉള്‍പ്പെടുന്നതിനാല്‍ മൂന്നു കാറ്റഗറികളില്‍ പ്രദര്‍ശിപ്പിക്കുന്നത് ആസ്വാദകര്‍ക്ക് സൃഷ്ടികളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സഹായിക്കുമെന്നാണ് ക്യുറേറ്റര്‍ ജെസ്‌നോ ജാക്‌സണ്‍ അവകാശപ്പെടുന്നത്.
പാരമ്പരാഗത-സമകാലിക രീതികളില്‍ വളരെ വ്യത്യസ്തമായ സങ്കേതങ്ങളും ശൈലികളും ഉപയോഗിച്ചിരിക്കുന്നുവെന്നത് തന്നെയാണ് ഈ എക്‌സിബിഷന്റെയും പ്രത്യേകത.
ഓരോ സൃഷ്ടിയും നിര്‍മിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന രീതികളാണ് വേറിട്ടു നിര്‍ത്തുന്നത്. പല ചിത്രങ്ങളും എല്ലാ പരമ്പരാഗത കലകളില്‍ നിന്നും വ്യത്യസ്തമാണ്. അതേസമയം, ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ പെയിന്റിംഗുകളുടെ പ്രൗഢവും ശാന്തവുമായ അന്തരീക്ഷം ഇവിടെ എടുത്തു പറയേണ്ടതാണ് എന്നതാണ്.
ചിത്രകാരന്മാര്‍ ശോഭയുള്ളതും ഇരുണ്ടതുമായ ഷേഡുകളുടെ ഒരു സംയോജനമാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, അത് ശരിയായ സമനിലയോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. ”ഇവിടെ ഒരു തരം ഐക്യവും സമാധാനവും പ്രകടമാകുന്നു” -ജെസ്‌നോ പറയുന്നു.
മേഘാ മഞ്ജരേക്കറിന്റെ പെയിന്റിംഗ് ബുദ്ധന്റെ ഗൗതമ, ദീപാങ്കുര, സിദ്ധാര്‍ഥ ഭവങ്ങളുടെ പ്രബുദ്ധതയെ ബന്ധിപ്പിക്കുന്ന സാമാന്യതയുടെ ചരടുകള്‍ എടുത്തു കാണിക്കുന്നു. മറ്റൊന്ന്, നിസാര്‍ ഇബ്രാഹിമിന്റെ വിശുദ്ധ ബുദ്ധനെ ചിത്രീകരിക്കുന്നതാണ്. മരത്തിലും ലോഹത്തിലും സമന്വയിപ്പിച്ച അനമോര്‍ഫിക് രീതിയിലുള്ള വ്യത്യസ്ത നിര്‍മിതിയിലൂടെയാണിത് സാധ്യമാക്കിയിരിക്കുന്നത്.
ജ്ഞാനം, അനുകമ്പ, അവബോധം എന്നിവയുടെ പ്രതീകമാണ് കേരള മ്യൂറല്‍ സ്‌റ്റൈലില്‍ ‘നിര്‍വാണ’ എന്ന ശോഭാ അയ്യര്‍ ചിത്രം കാഴ്ചക്കാരന് നല്‍കുന്നത്.
ഈ ചിത്രങ്ങള്‍ തത്ത്വചിന്താത്മകമല്ല. സമകാലികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കാരണം, അവര്‍ ബുദ്ധന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയല്ല, മറിച്ച് അവ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും വികസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്
ആര്‍ട്ട് 4 യു സ്ഥാപകന്‍ രഞ്ജി ചിത്രങ്ങളെ ആധാരമാക്കി തന്റെ അഭിവീക്ഷണം രേഖപ്പെടുത്തി.
72-ാമത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് നെതര്‍ലാന്‍ഡ്‌സിലെ മ്യൂസിയം ഓഫ് കണ്ടംപററി ടിബറ്റന്‍ ആര്‍ട്ട് സഹകരണത്തിലാണ് എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് 4 യു ഗാലറിയില്‍ 40 ബുദ്ധ ചിത്രങ്ങള്‍ 26 കലാകാരന്മാരെ പ്രതിനിധീകരിക്കുന്നു.