‘ആമനര്‍റസൂല്‍’ സൂക്ത ഭാഗത്തിന്റെ മഹത്വം

ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ അരികിലിരിക്കുന്ന സമയത്ത് മുകളില്‍ നിന്നൊരു വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. നബി (സ്വ) തല ഉയര്‍ത്തിയപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു: ഇതൊരു ആകാശ വാതിലാണ്. മുന്‍പൊരിക്കലും തുറക്കപ്പെടാത്ത ഈ വാതില്‍ ഇന്ന് തുറക്കപ്പെട്ടിരിക്കുകയാണ്. അതിലൂടെ ഒരു മാലാഖ ഇറങ്ങി വന്നു. ജിബ്‌രീല്‍ (അ) തുടര്‍ന്നു: ഇതൊരു മാലാഖയാണ്. മുന്‍പൊരിക്കലും ഭൂമി ലോകത്തേക്ക് ഇറങ്ങി വരാത്ത ഈ മാലാഖ ഇന്ന് വന്നിരിക്കുകയാണ്. ആ മലക്ക് സലാം ചൊല്ലി പറഞ്ഞു: താങ്കള്‍ക്ക് മുന്‍പത്തെ നബിമാരിലാര്‍ക്കും ലഭിക്കാത്ത രണ്ടു പ്രകാശങ്ങളുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒന്ന് ഖുര്‍ആനിന്റെ പ്രാരംഭമായ ഫാതിഹ സൂറത്ത്; രണ്ടാമത്തേത് സൂറത്തു ബഖറയിലെ അവസാന രണ്ടു സൂക്തങ്ങള്‍. ഈ രണ്ടു സൂക്തങ്ങളില്‍ ഒരക്ഷരം പാരായണം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ പോലും താങ്കള്‍ക്കത് ലഭിച്ചിരിക്കും (ഹദീസ് മുസ്‌ലിം 806). പ്രത്യേക മലക്ക് ആകാശത്തില്‍ നിന്ന് വന്നിറങ്ങി അറിയിച്ച ഈ ജ്ഞാനം സത്യവിശ്വാസികള്‍ക്കുള്ള സൗഭാഗ്യ നിധിയാണ്. ഫലപ്രാപ്തി, കാവല്‍ മുതലായവ പ്രദാനമേകുന്നതാണ്.
സൂറത്തു ബഖറയിലെ അവസാന രണ്ടു ആയത്തുകളില്‍ ആദ്യത്തേത്, പ്രവാചകരും (സ്വ) വിശ്വാസികളായ അനുയായികളും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അവര്‍ ആര്‍ക്കിടയിലും ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നതാണ്. സൂക്തത്തിന്റെ തുടര്‍ച്ച, അവര്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. നാഥാ, ഞങ്ങള്‍ക്ക് പൊറുത്തു തരേണമേ. നിന്നിലേക്ക് തന്നെയാണ് മടക്കം.
പ്രവാചകന്മാരെല്ലാവരും സത്യമതത്തിന്റെ പ്രചാകരാണല്ലോ. എല്ലാവരുടെയും ലക്ഷ്യം ഒന്നു തന്നെ. ലോക ജനതയെ ഏക ദൈവാരാധനയിലേക്ക് ക്ഷണിക്കുകയെന്ന പരമ ലക്ഷ്യം. ”നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും വിഗ്രഹങ്ങളെ വര്‍ജിക്കുകയും ചെയ്യണം എന്ന സന്ദേശവുമായി ഓരോ സമൂഹത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്” (സൂറത്തുന്നഹ്‌ല് 36). നൂഹ് നബി (അ), ഇബ്രാഹിം നബി (അ), മൂസാ നബി (അ), ഈസാ നബി (അ) എന്നിങ്ങനെ എല്ലാവരും സഹോദരന്മാര്‍ കണക്കെയാണ്. അവര്‍ക്കിടയില്‍ ആശയത്തിലോ ആദര്‍ശത്തിലോ ഭിന്നതയില്ല. വിവേചനവുമില്ല. പക്ഷ ഭേദവുമില്ല. വ്യത്യസ്ത ഘട്ടങ്ങളിലെ വിവിധ ജനതകള്‍ക്ക് വഴികാട്ടികളാണവര്‍. അവരെ കൂടി വിശ്വസിച്ചാല്‍ മാത്രമേ ദൈവവിശ്വാസം പൂര്‍ത്തിയാവുകയുള്ളൂ. സമത്വത്തിന്റെയും സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതാണവരുടെ ജീവിത സന്ദേശവും.
ബഖറയിലെ അവസാന സൂക്തം പരിപാവന ഇസ്‌ലാം മതത്തിന്റെ ലാളിത്യവും കാരുണ്യവും എളിമയും അറിയിക്കുന്ന ആയത്താണ്. ”കഴിവിനപ്പുറം ചെയ്യാന്‍ ഒരാളെയും അല്ലാഹു നിര്‍ബന്ധിക്കുകയില്ല. ആര് എന്ത് നന്മ ചെയ്യുന്നുവോ അതിന്റെ ഗുണഫലവും തിന്മയനുവര്‍ത്തിച്ചുവോ അതിന്റെ ദോഷഫലും അവന് തന്നെ. നാഥാ, വിസ്മൃതിയിലാവുകയോ തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ ശിക്ഷിക്കരുതേ നാഥാ. മുന്‍ഗാമികളിലെന്ന പോലെയുള്ള ഭാരങ്ങള്‍ ഞങ്ങളുടെ മേല്‍ ചുമത്തരുതേ നാഥാ. ദുര്‍വഹമായ കല്‍പനകള്‍ ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് മാപ്പരുളുകയും പൊറുത്തു തരികയും കരുണ ചൊരിയുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷാധികാരിയാണ് നീ, അതു കൊണ്ട് നിഷേധികള്‍ക്കെതിരെ ഞങ്ങളെ സഹായിക്കേണമേ” -ഇങ്ങനെയാണ് സൂറത്തുല്‍ ബഖറ ഉപസംഹരിക്കുന്നത്.
നബി (സ്വ) പറഞ്ഞിരിക്കുന്നു: ഒരാള്‍ സൂറത്തു ബഖറയിലെ അവസാന രണ്ട് ആയത്തുകള്‍ രാത്രിയില്‍ ഓതിയാല്‍ അവന് അതു മതി (ഹദീസ് ബുഖാരി, മുസ്‌ലിം). അതായത്, ആ പാരായണം അവന് സംരക്ഷണമേകുമത്രെ. നാം ഈ ആയത്തുകള്‍ പതിവായി പാരായണം ചെയ്യണം. ഇതിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലണം. മക്കള്‍ക്ക് ഇവ പഠിപ്പിച്ചു കൊടുക്കുകയും വേണം. കാരണം, ഈ സൂക്തങ്ങള്‍ വിപത്തുകളില്‍ നിന്ന് കാവലേകുന്ന ദൈവ വചനങ്ങളാണ്.
————–