ക്ഷമയും സാവധാനതയും സല്‍സ്വഭാവങ്ങളിലെ കേമത്തരങ്ങള്‍

19

നല്ല സ്വഭാവങ്ങള്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കും. നല്ല ബന്ധങ്ങളിലൂടെ നല്ല നടപ്പ് ഉണ്ടാകും. അങ്ങനെ, സല്‍സ്വഭാവികള്‍ സ്വര്‍ഗസ്ഥരാകും. ഒരിക്കല്‍ നബി (സ്വ) ഒരു അനുചരനോട് പറഞ്ഞു: താങ്കളില്‍ ഞാന്‍ രണ്ടു നല്ല സ്വഭാവങ്ങള്‍ കാണുന്നു. അല്ലാഹുവും അവന്റെ ദൂതരും ഇഷ്ടപ്പെടുവയാണവ. ക്ഷമയും സാവധാനതയും (ഹദീസ് മുസ്‌ലിം 25, അഹ്മദ് 28429).
ക്ഷമ അല്ലാഹുവിന്റെ വിശേഷണമാണ്. ”അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ അറിയുക” (സൂറത്തുല്‍ ബഖറ 235). ക്ഷമ അല്ലെങ്കില്‍, സഹനം പ്രവാചകന്മാരുടെയും സ്വഭാവ ഗുണമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇബ്രാഹിം നബി(അ)യെ സ്വഭാവഗുണങ്ങള്‍ എടുത്തു പറഞ്ഞ് പുകഴത്ത്ത്തുന്നത് കാണാം: നിശ്ചയം ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമത്രെ (സൂറത്തു ഹൂദ് 75).
സഹനത്തിലും ക്ഷമയിലും ലോകത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ). സ്വഭാവ വൈഭവത്തിലും അതിവിശിഷ്ടര്‍. മുന്‍കോപമില്ല. എടുത്തു ചാട്ടമില്ല. കയര്‍ക്കലില്ല. സ്വസമ്മര്‍ദങ്ങള്‍ക്ക് പോലും വഴങ്ങില്ല. പെട്ടെന്നുള്ള ദേഷ്യപ്പെടലുമില്ല. ക്ഷമാക്ഷമതയും സഹനശീലവും തിരുദൂതര്‍ക്കുള്ള ബലം. സത്യത്തില്‍ ക്ഷമയാണ് സല്‍സ്വഭാവങ്ങളുടെ നേതാവ്. അതുള്ളവര്‍ മനസ്സിലും ശരീരത്തിലും നന്മയുള്ളവരായിരിക്കും. അവരുടെ കാര്യങ്ങള്‍ സുരക്ഷിതവും സുനിശ്ചിതവുമായിരിക്കും. ബുദ്ധിമാന്മാര്‍ ക്ഷമാശീലരായിരിക്കും. ക്ഷമിച്ചാല്‍ ദുഖിക്കേണ്ടത്രെ. ക്ഷമയുള്ളവരാരും ദു:ഖിച്ചിട്ടില്ല എന്നതിനാല്‍ ക്ഷമയേകണേ നാഥാ എന്ന കാവ്യാശയം പ്രസിദ്ധ അറബിക് കവികളായിരുന്ന അബ്ദുല്ലാഹി ബ്‌നു മുബാറകിന്റെയും അബൂ അതാഹിയുടെയും ശകലങ്ങളില്‍ കാണാം.
സാവധാനത, അല്ലെങ്കില്‍ മയസ്വഭാവം മികച്ച സ്വഭാവ രൂപമാണ്. തിടുക്കമില്ലായ്മ നല്ല അന്തിമഫലം വരുത്തുമത്രെ. ധൃതി കാട്ടാതിരിക്കുന്നതിന്റെ പരിണതി സഫലമാകുമെന്നര്‍ത്ഥം. സാവധാനത ബുദ്ധികൂര്‍മതയുടെയും മനോസൈ്ഥര്യത്തിന്റെയും അടയാളമാണ്. ഭൗതികമായ എല്ലാ കാര്യങ്ങളും സാവധാനം ചെയ്യലാണ് അഭികാമ്യം. പാരത്രികതയുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം സാവകാശം ചെയ്യലാണ് ഉത്തമമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുമുണ്ട് (ഹദീസ് അബൂ ദാവൂദ് 4810, അബൂ യഅ്‌ലാ 792). സഹന ശീലവും സാവധാനതയും മനുഷ്യന് ഉണ്ടാവേണ്ട അനിവാര്യ സ്വഭാവ ഘടകങ്ങളാണ്. സാമൂഹികമായി ഭാര്യ, മക്കള്‍, അയല്‍വാസികള്‍, കൂട്ടുകാര്‍ അങ്ങനെ ജീവിതത്തിന്റെ സകല മേഖലയിലുള്ളവരോടും ഇടപെടുമ്പോള്‍ ഈ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കണം. അതാണ് പരിശുദ്ധ ഇസ്‌ലാം മതം ആവശ്യപ്പെടുന്നതും. അല്ലാഹുവും അവന്റെ തിരുദൂതരും (സ്വ) ഇഷ്ടപ്പെടുന്നതും. അവരുടെ ഇഷ്ടത്തിന് നമ്മള്‍ വഴങ്ങിയാല്‍ ഇഹലോകത്തും പരലോകത്തും വിജയിക്കാം. അനായാസം സ്വര്‍ഗത്തിലെത്താം.
അല്ലാഹുവും പ്രവാചകരും (സ്വ) ഇഷ്ടപ്പെടുന്ന മറ്റു സ്വഭാവഗുണങ്ങളാണ്: സത്യസന്ധത, വിശ്വസ്തത, അയല്‍വാസികള്‍ക്ക് ഗുണം ചെയ്യല്‍ എന്നിവ. നബി (സ്വ) പറഞ്ഞിരിക്കുന്നു: ഒരാള്‍ അവനെ അല്ലാഹുവും അവന്റെ പ്രവാചകരും (സ്വ) ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സംസാരത്തില്‍ സത്യം മൊഴിയട്ടെ, വിശ്വസ്ഥത കാട്ടട്ടെ, അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യട്ടെ (ശിഅബുല്‍ ഈമാന്‍ 9104). വ്യക്തികള്‍ക്കിടയില്‍ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന സല്‍സ്വഭാവങ്ങളാണിവ. സാമൂഹിക ഭദ്രതക്ക് ആവശ്യമാണിതൊക്കെയും.
——————