ഭക്തിസാന്ദ്രമായി ഖുര്‍ആന്‍ ഓതാം

അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ സത്യവിശ്വാസിയുടെ ഹൃദയം ഭയഭക്തിയാല്‍ വണങ്ങുകയും ദൈവ വചനങ്ങളായ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ ഭക്തിസാന്ദ്രമായി പുളകമണിയുകയും ചെയ്യുമത്രെ. ”അല്ലാഹുവിനെ ക്കുറിച്ച് അനുസ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍” (സൂറത്തുല്‍ അന്‍ഫാല്‍ 2).
”ഏറ്റം ഉദാത്തമായ വൃത്താന്തം, പരസ്പര സദൃശവും ആവര്‍ത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് അല്ലാഹുവാകുന്നുവെന്നതാണ്. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ക്ക് അവ മൂലം രോമാഞ്ചമുണ്ടാകുന്നതും അവരുടെ തൊലികളും ഹൃദയങ്ങളും ദൈവ സ്മരണക്കായി വിധേയമാകുന്നതുമാണ്” (സൂറത്തു സുമര്‍ 23).
”ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ ഓത്ത് കേട്ടാല്‍ തന്നെ ദൈവ ഭയ ഭക്തിയില്‍ ഓതുന്നതെന്ന് തോന്നുന്നുവെങ്കില്‍ അവനാണ് ഏറ്റവും നല്ല ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവനെന്ന് നബി (സ്വ) തങ്ങളും അറിയിച്ചിട്ടുണ്ട്” (ഹദീസ് ഇബ്‌നു മാജ 1339). ദൈവ വചനങ്ങളായ ഖുര്‍ആനിക വാക്യങ്ങള്‍ കേട്ടാല്‍ സത്യവിശ്വാസി എങ്ങനെ ഭയഭക്തിയില്ലാത്തവനാകും?!! വിശുദ്ധ ഖുര്‍ആന്‍ മലമുകളിലാണ് അല്ലാഹു അവതരിപ്പിച്ചിരുന്നതെങ്കില്‍ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താല്‍ ഛിന്നഭിന്നമാകുന്നതും കാണാമെന്ന് അല്ലാഹു തന്നെ സൂറത്തുല്‍ ഹശ്ര്‍ 21-ാം സൂക്തത്തില്‍ വിവരിക്കുന്നുണ്ട്.
നബി (സ്വ) ഖുര്‍ആന്‍ പാരായണം കേട്ടാല്‍ മനസ്സ് അല്ലാഹുവില്‍ വണങ്ങി കരയുമായിരുന്നുവെന്നാണ് സ്വഹാബികളുടെ സാക്ഷ്യം. ഒരിക്കല്‍ നബി (സ്വ) അബ്ദുല്ലാഹി ബ്‌നു മസ്ഊദി(റ)നോട് പറഞ്ഞു: താങ്കള്‍ എനിക്ക് ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കുക. അദ്ദേഹം സൂറത്തുന്നിസാഅ് ഓതി, 41-ാം സൂക്തമെത്തി. ”നബിയേ, എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്ക് സാക്ഷിയായി താങ്കളെയും നാം ഹാജരാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി?” എന്നര്‍ത്ഥമാക്കുന്നതായിരുന്നു ആയത്ത്. ആ സമയം നബി(സ്വ)യുടെ കണ്‍തടങ്ങളില്‍ നിന്നും കണ്ണീരൊഴുകുന്നത് കാണാമായിരുന്നുവെന്ന് അബ്ദുല്ല (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്‌ലിം).
അന്ത്യ നാളില്‍ അര്‍ഷിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടരില്‍ ദൈവസ്മരണ നടത്തി കരയുന്നവരെയും നബി (സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്‌ലിം).
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ സത്യവിശ്വാസിയുടെ വിശ്വാസം ശക്തിപ്പെടുമല്ലോ. ഖുര്‍ആന്‍ വാക്യങ്ങളുടെ അര്‍ത്ഥ തലങ്ങള്‍ ആവാഹിച്ച വിശ്വാസിയുടെ ഹൃദയം ദൈവഭയത്താല്‍ സാന്ദ്രമായിരിക്കും. വിശ്വാസം അചലഞ്ചലമായി നില കൊള്ളും. വാക്കിലും പ്രവൃത്തിയിലും ധര്‍മം പുലര്‍ത്തുകയും ചെയ്യും. കുടുംബ-സാമൂഹിക വ്യവഹാരങ്ങളില്‍ സ്വഭാവ മഹിമ കാണിക്കുകയും ചെയ്യും.
——————-