ഇരുനൂറിന്റെ നിറവില്‍ ലുലു

ലുലു ഗ്രൂപ്പിന്റെ ഇരുനൂറാമത്തെയും ഈജിപ്തിലെ മൂന്നാമത്തെയും ഹൈപര്‍ മാര്‍ക്കറ്റ് ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ മന്ത്രി ഡോ. അലി മുസഹ്‌ലി കയ്‌റോ അഞ്ചാം സെറ്റില്‍മെന്റിലെ പാര്‍ക്ക് മാളില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

ദുബൈ: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് കോവിഡ് 19 വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. 2000 നവംബറില്‍ ദുബൈ ഖിസൈസില്‍ തുടക്കം കുറിച്ച ഹൈപര്‍ മാര്‍ക്കറ്റ് വിപ്‌ളവത്തിന് ഇന്ന് 200 തികഞ്ഞിരിക്കുകയാണ്. മലയാളികള്‍ക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ നേതൃത്വത്തില്‍ ലുലു നടത്തുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീര്‍ഘ വീക്ഷണവും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവന മുദ്ര പതിപ്പിക്കുകയാണ് എം.എ യൂസുഫലി എന്ന നാട്ടികക്കാരന്‍.
ആ മഹത്തായ പ്രയാണത്തില്‍ ഒരു നാഴികക്കല്ല് ഈജിപ്ത് തലസ്ഥാനമായ കയ്‌റോവില്‍ ലുലു പിന്നിടുകയാണ്. ഗ്രൂപ്പിന്റെ ഇരുനൂറാമതും ഈജിപ്തിലെ മൂന്നാമത്തേതുമായ ഹൈപര്‍ മാര്‍ക്കറ്റ് ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. അലി മുസഹ്‌ലി കയ്‌റോ അഞ്ചാം സെറ്റില്‍മെന്റിലെ പാര്‍ക്ക് മാളില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ലുലുവിന്റെ വളര്‍ച്ചയുടെ ഒരു പുതിയ അധ്യായത്തിനും തുടക്കമായി.
എളിയ രീതിയില്‍ ആരംഭിച്ച് ഇരുനൂറാമത് ഹൈപര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. ”ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ചിടത്തോളം ഇതേറെ പ്രധാന്യമുള്ളതാണ്. മിഡില്‍ ഈസ്റ്റിലെ റീടെയില്‍ രംഗത്ത് നിര്‍ണായകമായ ഒരു പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഈയവസരത്തില്‍ ജിസിസിയിലെയും മറ്റ് രാജ്യങ്ങളിലെയും ഭരണാധികാരികളോടും മറ്റ് അധികൃതരോടും നന്ദി പറയുന്നു.
കൂടാതെ, ഞങ്ങളെ ഈ നിലയില്‍ എത്തിക്കാന്‍ കാരണക്കാരായ മലയാളികളടക്കമുള്ള ഉപയോക്താക്കളോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉപയോക്തക്കളുടെ സഹകരണമില്ലെങ്കില്‍ ഈ നിലയിലുള്ള വളര്‍ച്ച ഒരിക്കലും സാധ്യമാവില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. കൂടാതെ, ഇകൊമേഴ്‌സ് പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തും” -യൂസുഫലി പറഞ്ഞു.
ഇന്ന് 27,000ത്തിലധികം മലയാളികള്‍ ഉള്‍പ്പെടെ 58,000 പേര്‍ വിവിധ രാജ്യങ്ങളില്‍ ലുലുവില്‍ ജോലി ചെയ്യുന്നു. യുഎസ്, യുകെ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ പതിനഞ്ചോളം രാജ്യങ്ങളില്‍ സ്വന്തമായി സംഭരണ കേന്ദ്രങ്ങളും ലുലുവിനുണ്ട്.
കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു. കോട്ടയം, തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അത് കൂടാതെ, കളമശ്ശേരിയിലെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, കൊച്ചിയിലെ മത്സ്യ സംസ്‌കര കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, ബംഗളൂരു, ലഖ്‌നോ എന്നിവിടങ്ങളിലെ ലുലു മാള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.