43 വര്‍ഷത്തെ പ്രവാസം: മജീദ് തയ്യിലിന് യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മജീദ് തയ്യിലിന് എഎകെ ഗ്രൂപ് സിഇഒ മുഹമ്മദലിയും മാനേജിംഗ് ഡയറക്ടര്‍ എഎകെ മുസ്തഫയും ചേര്‍ന്ന് മെമെന്റോ കൈമാറുന്നു

ദുബൈ: 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മജീദ് തയ്യിലിന് യാത്രയയപ്പ് നല്‍കി. രണ്ട് പതിറ്റാണ്ട് കാലം ജോലി ചെയ്തു വന്നിരുന്ന എഎകെ ഇന്റര്‍ നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്. 1978ല്‍ വ്യവസായിയും എഎകെ ഗ്രൂപ് സ്ഥാപകനുമായ പാറപ്പുറത്ത് ബാവ ഹാജി അയച്ച വിസയിലാണ് മജീദ് തയ്യില്‍ യുഎഇയിലെത്തിയത്. ബാവ ഹാജിയുടെ തന്നെ പച്ചക്കറിക്കടയിലാണ് ആദ്യ കാലത്ത് ജോലി ചെയ്തത്. 5 വര്‍ഷം അവിടെ ജോലിയെടുത്ത ശേഷം സ്വന്തമായി ഒരു സ്ഥാപനവും ഇദ്ദേഹം നടത്തി. ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിളിന്റെ ഒരു കട വര്‍ഷങ്ങളോളം നടത്തിയ ഇദ്ദേഹം അത് അവസാനിപ്പിച്ച് കഴിഞ്ഞ 16 വര്‍ഷമായി എഎകെ ഗ്രൂപ്പിന് കീഴിലായിരുന്നു സേവനമനുഷ്ഠിച്ചിരുനനത്.
കഠിനാധ്വാനം ചെയ്ത പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി ഇദ്ദേഹത്തിന് പറയാനുള്ളത് നല്ലത് മാത്രമാണ്. കുടുംബത്തിനും നിരവധി പേര്‍ക്കും നല്ല ജീവിതം പകുത്തു നല്‍കാന്‍ തന്റെ പ്രവാസം കൊണ്ട് കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയിലാണ് മടക്കം. ബാവ ഹാജി, മുഹമ്മദലി തയ്യില്‍, എ.എ.കെ മുസ്തഫ എന്നിവര്‍ തന്റെ പ്രവാസ ജീവിതത്തിന് നല്‍കിയ പിന്തുണയും കരുതലും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് മജീദ് നന്ദിയോടെ സ്മരിക്കുന്നു.
യാത്രയയപ്പ് ചടങ്ങില്‍ എഎകെ ഗ്രൂപ് സിഇഒ മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫ എന്നിവര്‍ ചേര്‍ന്ന് മെമെന്റോ കൈമാറി.
ഡയറക്ടര്‍ മുഹമ്മദ് ശരീഫ്, മറ്റു സഹപ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.