മലയാളം മിഷന്‍ വെര്‍ച്വല്‍ പഠനോത്സവം സംഘടിപ്പിച്ചു

അബുദാബി: മലയാളം മിഷന്‍ അബുദാബി മേഖലയുടെ കീഴില്‍ സൗജന്യമായി മലയാളം പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ വഴി ‘കണിക്കൊന്ന’ പഠനോത്സവം സംഘടിപ്പിച്ചു. കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ബദാ സായിദ് ലൈഫ് ലാബ് മ്യൂസികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍, മുസഫ, മദീന സായിദ്, ഇലക്ട്ര, ഹംദാന്‍, ഖാലിദിയ തുടങ്ങിയ കേന്ദ്രങ്ങളിലായി സൗജന്യമായി മലയാളം പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് പഠനോത്സവം സംഘടിപ്പിച്ചത്.
പഠനോത്സവത്തിന് രജിസ്റ്റര്‍ ചെയ്ത 177 വിദ്യാര്‍ത്ഥികളില്‍ 176 പേരും പഠനോത്സവത്തില്‍ പങ്കെടുത്തു. പതിനാറംഗ അധ്യാപകരും ഏഴംഗ ടെക്‌നികല്‍ കമ്മിറ്റിയും നാലംഗ മൂല്യനിര്‍ണയ സമിതിയും സഹകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.
ഓണ്‍ലൈന്‍ വഴി 8 സെന്ററുകളായി തരം തിരിച്ചു നടത്തിയ പഠനോത്സവം മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു.
ഗൂഗ്ള്‍ ക്‌ളാസ് റൂം, ഗൂഗ്ള്‍ മീറ്റ് എന്നീ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച പഠനോത്സവത്തിന് മലയാളം മിഷന്‍ അബുദാബി മേഖലാ കണ്‍വീനര്‍ വി.പി കൃഷ്ണകുമാര്‍, കോഓര്‍ഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര്‍, ജോ.കണ്‍വീനര്‍ ജിനി സുജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, രജിസ്ട്രാര്‍ എം. ജസേതുമാധവന്‍, ഭാഷാധ്യാപകന്‍ ഡോ. എം.ടി ശശി എന്നിവര്‍ പഠനോത്സവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
മലയാളം മിഷന്‍ അബുദാബി മേഖലക്ക് കീഴില്‍ നിലവില്‍ 47 സെന്ററുകളിലായി 1,400ലേറെ വിദ്യാര്‍ത്ഥികള്‍ 66 അധ്യാപകരുടെ കീഴില്‍ മലയാള ഭാഷ സൗജന്യമായി പഠിച്ചു വരുന്നു.