
ദുബൈ: ദീര്‍ഘകാലം ദുബൈ കെഎംസിസിയുടെ നേതൃനിരയിലെ നിറസാന്നിധ്യമായിരുന്ന കഴിഞ്ഞ ദിവസം നിര്യാതനായ മുഹമ്മദ് വെന്നിയൂര്‍ സേവന പാതയിലെ വെള്ളിനക്ഷത്രമായിരുന്നുവെന്ന് ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി അഭിപ്രായപ്പെട്ടു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച അനുശോചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെന്നിയൂര്‍ മുഹമ്മദ് സാഹിബിന്റെ കൂടെ നേതൃനിരയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നാട്ടിലും മറുനാട്ടിലുമുള്ളവരുടെ സംഗമ വേദിയായി മാറി സൂം പ്ളാറ്റ്ഫോമില്‍ ഒരുക്കിയ അനുശോചന ചടങ്ങ്. ദുബൈ സുന്നി സെന്റര്‍ ജന.സെക്രട്ടറി ഷൗക്കത്ത് ഹുദവിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സോടെയായിരുന്നു അനുശോചന ചടങ്ങിന് തുടക്കമായത്. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി, യുഎഇ കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്, പി.കെ അന്‍വര്‍ നഹ, സംസ്ഥാന കെഎംസിസി ഭാരവാഹികളായ മുസ്തഫ തിരൂര്‍, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. സാജിദ്, ഹംസ തൊട്ടി, മുഹമ്മദ് പട്ടാമ്പി, അരിപ്പാമ്പ്ര അബ്ദുല്‍ ഖാദര്‍, കെ.പി.എ സലാം, പഴയ കാല കെഎംസിസി നേതാക്കളായ അഷ്റഫ് കളത്തിങ്ങല്‍പാറ, വി.എം ബാവ, ഹക്കീം തുപ്പിലക്കാട്, ജില്ലാ-മണ്ഡലം നേതാക്കളായ സൈതലവി ഇടുക്കി, ഹംസ ഹാജി മാട്ടുമ്മല്‍, കരീം കാലടി, ഷക്കീര്‍ പാലത്തിങ്ങല്‍, ഷിഹാബ് ഏറനാട്, നാസര്‍ കുറുമ്പത്തൂര്‍, മുജീബ് കോട്ടക്കല്‍, ജമാല്‍ മലപ്പുറം, മുഹമ്മദ് കോട്ടക്കല്‍, ഇബ്രാഹീം കുട്ടി തിരൂര്‍, റഷീദ് അല്‍അറേബ്യ, നിസാം ഇരുമ്പിളിയം, ഉനൈസ് തൊട്ടിയില്‍ തുടങ്ങിയവര്‍ അനുശോചന സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. പി.വി നാസര്‍ സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.