വെന്നിയൂര്‍/ദുബൈ: ദുബൈ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് വെന്നിയൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. ദുബൈ കെഎംസിസിയുടെ ഹജ്ജ്-ഉംറ സര്‍വീസിന്റെ തുടക്കക്കാരനും ദീര്‍ഘ കാലം മത കാര്യ വിഭാഗം കാര്യദര്‍ശിയുമായിരുന്നു. നിരവധി വര്‍ഷം ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥ സാന്നിധ്യമറിയിച്ച് എല്ലാ തലങ്ങളിലും മികവ് പുലര്‍ത്തിയ മുഹമ്മദ് വെന്നിയൂര്‍, എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച സൗമ്യ സാന്നിധ്യമായിരുന്നു. ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം കെഎംസിസിയുടെ ഫിത്വര്‍ സക്കാത്ത് സമാഹരണ വിതരണത്തിന് നേതൃത്വവും കൊടുത്തു. തെക്കന്‍ കേരളത്തിലെ ജില്ലാ കമ്മിറ്റികളുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ നല്കി.
22ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കും.