ഉമ്മ എന്ന പാഠശാല

178

ഉമ്മയാണ് കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിലെ അധ്യാപികയും പരിപാലകയും. തലമുറകളെ വാര്‍ത്തെടുക്കുന്നത് ആ മാതൃത്വമാണ്. ഉമ്മയുടെ കരുതല്‍ അനസ് ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്: ഒരിക്കല്‍ എന്റെ ഉമ്മ എന്നെ കൈ പിടിച്ച് നബി(സ്വ)യുടെ അടുക്കലേക്ക് പോയി. തിരുസന്നിധിയില്‍ പറഞ്ഞു: ദൈവദൂതരേ, ഇതെന്റെ കുട്ടിയാണ്. നന്നായി എഴുതുന്ന മോനാണ് (ഹദീസ് അഹ്മദ് 12583). ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകാ മാതൃത്വമായ സഹ്‌ല ബിന്‍തു മിലഹാനാണ് അനസി(റ) ന്റെ മാതാവ്. സന്താന പരിപാലനത്തിലും ശിക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന മഹതി മകന് ചെറുപ്പത്തില്‍ തന്നെ വിജ്ഞാനത്തിന്റെ മൂല്യം അനുഭവ വേദ്യമാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. സത്രീ ഭര്‍ത്താവിന്റെ വീട്ടു കാര്യത്തിലും മക്കളുടെ കാര്യത്തിലും ഉത്തരവാദിത്തമുള്ളയാളെന്നാണല്ലോ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി 7138).
മഹതി സഹ്‌ല സമയത്തിന്റെ നല്ലൊരു ഭാഗം മാറ്റി വെച്ച് മകന്‍ അനസി(റ)ന് ഉപകാരപ്രദമായ വിജ്ഞാനീയങ്ങള്‍ പകര്‍ന്നു നല്‍കുമായിരുന്നു. അങ്ങനെയാണ് അനസ് (റ) ആ മാതാവിന്റെ അഭിമാനമെന്നോണം ഉന്നത പണ്ഡിതനും എഴുത്തുകാരനുമാവുന്നത്. പ്രവാചകരെ(സ്വ)ക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കാനും ആശിര്‍വാദം വാങ്ങാനും തിരുമൊഴിലൂടെ വിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കാനുമാണ് മകനെ തിരുസമക്ഷമെത്തിച്ചത്. പ്രവാചക പ്രാര്‍ത്ഥനക്കായി കൊതിക്കുന്ന മഹതിയുടെ വീട് സന്ദര്‍ശിച്ച് വീട്ടുകാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച പ്രവാചകരോട് മഹതി ഒരാവശ്യം ഉന്നയിച്ചു. മകന്‍ അനസിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. നബി (സ്വ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, അനസിന് നീ സമ്പത്തും സന്താനവും നല്‍കി ബര്‍കത്ത് ചെയ്യേണമേ. ഇതേപ്പറ്റി മഹതി തന്നെ പറഞ്ഞത് ഐഹികവും പാരത്രികവുമായ സകല നന്മകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയായിരുന്നുവെന്നാണ് (ഹദീസ് ബുഖാരി, മുസ്‌ലിം).
ഈ ഉമ്മയുടെ വളര്‍ത്തു ഗുണം കൊണ്ടാണ് അനസ് (റ) ഏവരാലും ആദരിക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരായി സ്വഹാബികളില്‍ ജ്വലിച്ചു നിന്നത്. ഉമര്‍ ബ്‌നു ഖത്വാബ് (റ) അബൂബക്കര്‍ സിദ്ദീഖി(റ)നോട് പറഞ്ഞിരുന്നുവത്രെ: അനസ് ബ്‌നു മാലിക് ബുദ്ധികൂര്‍മതയുള്ള, എഴുതാനറിയുന്ന യുവ പണ്ഡിതനാണ്. ആവശ്യങ്ങള്‍ക്ക് അദ്ദേഹത്തെ സമീപിക്കുക.
ഉമ്മ തന്നെയാണ് മനുഷ്യന്റെ പ്രഥമ വിദ്യാലയം. പാഠശാലകളിലെ പഠനങ്ങളും പാഠങ്ങളും പഠിക്കാനും ഉള്‍ക്കൊള്ളാനും മക്കള്‍ക്ക് താങ്ങാവേണ്ടത് ഉമ്മയെന്ന പാഠശാലയാണ്. അതിനായി ഉമ്മമാര്‍ ക്ഷമയും കഠിനാധ്വാനവും കൈമുതലാക്കേണ്ടിയിരിക്കുന്നു. മക്കളില്‍ ദീനീ ബോധം ഉണ്ടാക്കുകയും സല്‍സ്വഭാവങ്ങള്‍ ശീലിപ്പിക്കുകയും വേണം. ദേശസ്‌നേഹം അവരില്‍ വളര്‍ത്തിയെടുക്കണം. നിയമങ്ങളും ചിട്ടകളും പാലിക്കാന്‍ പ്രാപ്തരാക്കണം. സുകൃതപൂര്‍ണമായ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കാനും പഠിപ്പിക്കണം.
സമൂഹ നിര്‍മിതിയില്‍ മാതാവിന് ഊര്‍ജസ്വലമായ ഭാഗധേയം തന്നെയുണ്ട്. സാമ്പത്തിക, വാണിജ്യ, വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാമുള്ള സംഭാവനകളില്‍ മാതൃത്വത്തിന്റെ പങ്ക് അനിഷേധ്യമാണ്. ചുരുക്കത്തില്‍, മനുഷ്യന്റെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ചാലകം മാതൃത്വമാണ്. പുരുഷന്മാര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കും സ്ത്രീകള്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് അവര്‍ക്കുമുണ്ടാകുമെന്നാണ് ഖുര്‍ആനിക ഭാഷ്യം (സൂറത്തുന്നിസാഅ് 32).
———————