ദുബൈ: ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് രണ്ടു കൂട്ടുകാരുടെ
പരിശ്രമത്തിലൂടെ യുഎഇയില്‍ ഒരു സംഗീത കൂട്ടായ്മ പിറവി കൊണ്ടു. അഭിനയ മോഹവുമായി നില്ക്കുന്ന റോമേഷ് പൊന്നുവും പുതിയ പ്രതിഭകളെ കണ്ടെത്തി അവസരങ്ങള്‍ നല്‍കാനും അത്തരം അവരസങ്ങള്‍ വഴിത്തിരവാകാനും ആഗ്രഹിക്കുന്ന അനികുമാര്‍ ഗോപാലനും.
യുഎഇയിലെ 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ കണ്ണൂര്‍ സ്വദോശി കൂടി റഷീദ് മാനന്തേരി എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയാണ് മ്യൂസിക് ആല്‍ബത്തിന് തുടക്കം കുറിച്ചത്. റാറാസ് മ്യൂസിക് കമ്പനി എന്നാണ് കൂട്ടായ്മയുടെ പേര്.
62ഓളം കഥകള്‍ റഷീദ് മാനന്തേരി ഇതിനോടകം എഴുതിയിട്ടുണ്ട്. മ്യൂസിക് ഡയറക്ടര്‍ എബിന്.ജെ സാം ഈ മ്യൂസിക് കൂട്ടായ്മയില്‍ ചേര്‍ന്നിട്ടുണ്ട്. റഷീദ് മാനന്തേരിയുടെ ”പറയാന്‍ മറന്നത് ഒന്നു മാത്രം, നിന്നോടിഷ്ടമെന്ന മൂന്നു വാക്ക്” എന്ന മനോഹരമായ വരികള്‍ക്ക് എബിന്.ജെ.സാമിലൂടെ സുന്ദരമായൊരു സംഗീതം പിറവി കൊണ്ടു. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞ് മനോഹരമായി ആലപിച്ചിരിക്കുന്നത് സലിന് ശങ്കരന് എന്ന ഗായകനാണ്. പുല്ലാങ്കുഴല്‍ നാദം കൊണ്ട് മനസുകള്‍ കീഴക്കുന്ന സുഭാഷ് ചേര്‍ത്തല അണിയറയിലുണ്ട്.
നാട്ടിലെ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ആദ്യം ചെയ്ത മ്യൂസിക് ആല്‍ബത്തിന്റെ കവര്‍ സോംങ് റെക്കോര്‍ഡിംഗും മറ്റു ജോലികളും തീര്‍ക്കാന്‍ ഏകദേശം 6 മാസം വേണ്ടി വന്നു. ഈയിടെ ദുബൈ കറാമ റെസ്റ്റോറന്റില്‍ ഗോഡ്വിന് ജോര്‍ജ് (എപിക് മീഡിയ)
കാമറ, എഡിറ്റിംഗ്, സംവിധാനം നിര്‍വഹിച്ച ”ഒന്നുമാത്രം” എന്ന ആല്‍ബത്തിന്റെ പ്രകാശനം ആര്‍ജെ ഫസ്ലു (ഹിറ്റ് എഫ്.എം) ആല്‍ബത്തിന്റെ നിര്‍മാതാവ് കൂടിയായ റോമേഷ് പോന്നുവിന് കൈമാറി നിര്‍വഹിച്ചു. ചലച്ചിത്ര രചയിതാവ് മുത്തു പട്ടാമ്പി സന്നിഹിതനായിരുന്നു. ഉപഹാരങ്ങള്‍ പിആര്‍ഒ രാജേഷ് നായര്‍ സമ്മാനിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ഷാനു ഷരീഫ്, പരുവിങ്ങല്‍ ഇസ്മായില്‍, അന്‍സലാം, രഞ്ജിനി രാജേഷ് പങ്കെടുത്തു.