ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്: ഡോ. പുത്തൂര്‍ റഹ്മാന്‍ പ്രസിഡണ്ടായ പാനല്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു

ഫുജൈറ: വിശാല ജനകീയ അടിത്തറയുള്ള ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബിന്റെ 2021-2022 വര്‍ഷത്തേക്ക് ഡോ. പുത്തൂര്‍ അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു.
യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ പുത്തൂര്‍ റഹ്മാന്‍ പന്ത്രണ്ടാം തവണയാണ് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബിന്റെ അധ്യക്ഷ പദവിയില്‍ അവരോധിതനാകുന്നത്. നിലവില്‍ യുഎഇ കെഎംസിസി ദേശീയ പ്രസിഡണ്ട്, യുഎഇ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ലോക കേരള സഭാംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന പുത്തൂര്‍ റഹ്മാന്റെ സാരഥ്യം ഫുജൈറയിലെ ഇന്ത്യന്‍ സമൂഹത്തിന് പ്രത്യാശ പകരുന്നതായി സഹ ഭാരവാഹികളും അംഗങ്ങളും അഭിപ്രായപ്പെട്ടു.
ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് ഓഫീസില്‍ നടന്ന പൊതുയോഗത്തില്‍ എതിരില്ലാതെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കോവിഡ് നിബന്ധനകള്‍ പാലിച്ചുള്ള യോഗമായതിനാല്‍ അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വാര്‍ഷിക ജനറല്‍ ബോഡി വീക്ഷിച്ചു.
ക്‌ളബ്ബിന്റെ മറ്റു ഭാരവാഹികള്‍ ഇവരാണ്: സുഭഗന്‍.ടി (വൈ.പ്രസി.), എഞ്ചി. വേദമൂര്‍ത്തി (ഉപദേശകന്‍), സന്തോഷ്.കെ മത്തായി (ജന.സെക്ര.), പ്രദീപ് കുമാര്‍ (ട്രഷ.), സുഭാഷ് വി.എസ് (ജോ.ജന.സെക്ര.), നിഷാദ് പയോത്ത് (ജോ.ജന.സെക്ര.), സഞ്ജീവ് വി.എ (കള്‍ചറല്‍ സെക്ര.), നാസിറുദ്ദീന്‍ എം.പി (ജോ.കള്‍ചറല്‍ സെക്ര.), അബ്ദുല്‍ ജലീല്‍.പി (ജോ.കള്‍ചറല്‍ സെക്ര.), സിറാജുദ്ദീന്‍ വി.എം (കോണ്‍സുലര്‍ സെക്ര.), അബ്ദുല്‍ മനാഫ്.ഒ (സ്‌പോര്‍ട്‌സ് സെക്രട്ടറി), സലീം മൂപ്പന്‍ (പബ്‌ളിക് റിലേഷന്‍സ് സെക്രട്ടറി), ചന്ദ്രശേഖര്‍ (ജോ.സ്‌പോര്‍ട്‌സ് സെക്ര.), ബിജു വര്‍ഗീസ് (ജോ.സ്‌പോര്‍ട്‌സ് സെക്ര.), അശോക് മുള്‍ചന്ദാനി (ജോ.കോണ്‍സുലര്‍ സെക്ര.).
അബ്ദുല്‍ അസീസ് ഷിന്‍ഡേ, ബെന്‍ തോമസ്, ഫിറോസ് തിരൂര്‍ എന്നിവരടങ്ങിയ തെരെഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
യുഎഇയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും ശക്തമായ പ്രാദേശിക സംഘടനകളിലൊന്നാണ് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്. പ്രവിശ്യയിലെ ഇന്ത്യന്‍ ജനപഥത്തില്‍ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹ ഇടപെടലുകളാണ് പതിറ്റാണ്ടുകളായി ക്‌ളബ് നിര്‍വഹിച്ചു വരുന്നത്. ദിബ്ബ മേഖലയില്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബിന്റെ ഒരു ശാഖയും പ്രവര്‍ത്തിച്ചു വരുന്നു. യുഎഇയുടെ നിയമങ്ങള്‍ കൃത്യമായി പാലിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചലനാത്മക സജീവത നിലനിര്‍ത്തുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ തനത് കലയും സംസ്‌കാരവും വളര്‍ന്നു വരുന്ന തലമുറക്ക് പകര്‍ന്നു നല്‍കുന്നതിലും സംഘടന സജീവ ശ്രദ്ധ ചെലുത്താറുണ്ട്.
മത, സാമുദായിക, രാഷ്ട്രീയ വേര്‍തിരുവകളില്ലാതെ ഒരു സമൂഹമെന്ന പൊതുമണ്ഡലത്തെ ഉള്‍കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് ക്‌ളബ്ബിനുള്ളത്.