പ്രവാസി പുനരധിവാസം: കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കണം


മസ്‌കത്ത്: ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും കോവിഡ് 19 വരുത്തിയ ദുരന്തങ്ങളും കാരണം സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രവാസി സംഗമം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജീവിതത്തിന്റെ വസന്ത കാലം മുഴുവന്‍ വിദേശങ്ങളില്‍ വിയര്‍പ്പൊഴുക്കി കുടുംബത്തോടൊപ്പം നാടിനെയും സമൃദ്ധമാക്കിയ പ്രവാസികളോട് കുറെക്കൂടി അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവതരിപ്പിക്കുന്ന ബജറ്റുകളിലും ഗള്‍ഫ് പ്രവാസികള്‍ വേണ്ടത്ര പരിഗണനീയമാവാത്തത് ആവര്‍ത്തിക്കപ്പെടുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തിനായി നിരന്തരം നിയമ നടപടികള്‍ക്കും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ നിന്നത് ഗള്‍ഫ് പ്രവാസികളായിട്ടും പരീക്ഷണാര്‍ത്ഥം നടപ്പാക്കാന്‍ തീരുമാനിച്ച പ്രവാസി വോട്ടിലും ഗള്‍ഫ് പ്രവാസികള്‍ ഒഴിവാക്കപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത ദുര്‍ബലപ്പെടുമ്പോള്‍ ആദ്യം ഓര്‍ക്കപ്പെടുന്നത് പ്രവാസികളാവുകയും അവകാശങ്ങള്‍ നല്‍കുന്നതില്‍ അവര്‍ അവസാനക്കാരാവുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. മാറി വരുന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും ഈ വിഷയങ്ങളില്‍ ഗൗരവമായ ശ്രദ്ധ പുലര്‍ത്തണമെന്നും പ്രവാസി സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓഗനൈസേഷന്‍ ജന.സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സി.എം.കെ അധ്യക്ഷത വഹിച്ചു. മുസ്തഫ മദനി മമ്പാട്, റഷീദ് കൊടക്കാട്, റഷീദ് കല്‍പറ്റ (കെഎംസിസി), ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് മെംബര്‍ സിറാജുദ്ദീന്‍ ഞെലാട്ട്, ഹുസൈന്‍ കാച്ചിലോടി (സിജി ഒമാന്‍), ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഇഹ്ജാസ് ഇസ്മായില്‍, ട്രഷറര്‍ സഈദ് സലാല, ഹാഫിസ് ബിലാല്‍ സംസാരിച്ചു.