
‘പ്രവാസികളുടെ പണം വേണം, പരിഗണനയില്ല എന്ന അവസ്ഥ മാറണം’
കോഴിക്കോട്: പ്രവാസീ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മുഴുവന്‍ വകുപ്പുകളുടെയും അനുമതികള്‍ ഒരു കുടക്കീഴിലാക്കുന്നതടക്കമുള്ള നീക്കങ്ങള്‍ അഭികാമ്യമാകുമെന്ന് ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയും കെപി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ കെ.പി മുഹമ്മദ്. യുഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കാന്‍ കേരളം മുഴുവന്‍ യാത്ര നടത്തുന്ന ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ പ്രവാസികള്‍ക്കായി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രവാസി പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം.
പ്രവാസികളെ കുറിച്ച് പറയുകയാണെങ്കില്‍ ലോക കേരള സഭ പോലുള്ള വേദികളില്‍ ക്ഷണിക്കപ്പെട്ട് വലിയ തള്ളലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് പറഞ്ഞ അദ്ദേഹം, പ്രവാസികള്‍ക്ക് സഹായകമായ ഒരു നീക്കവും സര്‍ക്കാര്‍ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലെന്നതാണ് ഏറെ ദു:ഖകരവും നിരാശാജനകവുമെന്നും വ്യക്തമാക്കി. എണ്ണമറ്റ സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നവരാണ് പ്രവാസികള്‍. ഏറ്റവും ചുരുങ്ങിയത്, പ്രവാസ ലോകത്ത് ഒരു ഇന്ത്യക്കാരന് മരിച്ചാല്‍ അവരുടെ മൃതദേഹം ജന്മനാട്ടില് എത്തിക്കാന്‍ കാര്‍ഗോയാക്കി തൂക്കം നോക്കി അതിനനസുരിച്ച നിരക്ക് നല്‍കേണ്ടതുണ്ട്. ഈ സ്ഥിതി ഒന്നു മാറിയെങ്കില്‍ എത്ര നന്നായിരുന്നു. മൃതദേഹത്തിനുള്ള ബഹുമാനം അര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ അധികൃതര്‍ തീരെ മനുഷ്യത്വപരമായി പരിഗണിച്ച് കാണുന്നില്ല. എല്ലാ നിലക്കുമുള്ള ഏറ്റവും കൂടിയ വിവേചനമാണ് പ്രവാസികള്‍ നേരിടുന്നതെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പദ് ഘടനയുടെ നട്ടെല്ലാണ് പ്രവാസികളെന്നൊക്കെ ഭരണാധികാരികള്‍ വീമ്പു പറയാറുണ്ടെങ്കിലും, പ്രവാസികളുടെ പണം വേണം, പരിഗണനയില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതെല്ലാം കൊണ്ട് കേരളത്തില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ ഭയപ്പെടുന്നു. ഒരു സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഭയാനകമായ രീതിയിലാണുള്ളത്. അതിനാലാണ് സംരംഭങ്ങളുമായി ബന്ധപ്പെട്ട അനുമതികളും നടപടിക്രമങ്ങളും ഒരു കുടക്കീഴില് ആരംഭിക്കുകയാണെങ്കില്‍ അതേറെ ഗുണപ്രദമാകുമെന്ന് അഭിപ്രായപ്പെടുന്നത്. പ്രവാസികളില്‍ സ്കില്‍ഡ് ആയ അസംഖ്യം പേരുണ്ട്. അവരുടെ മനുഷ്യ വിഭവ ശേഷി പരമാവധി ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
പരിപാടിയില്‍ ഡോ. എം.കെ മുനീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കോഴിക്കോട് ഡിസിഡി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരും പ്രമുഖ വ്യവസായികളും സന്നിഹിതരായിരുന്നു.