ദുബൈ: ദുബൈയില്‍ റെസിഡന്‍സി വിസക്കുള്ള മെഡിക്കല്‍ പരിശോധനാ ഫലം കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഫെബ്രുവരി 14ന് ഞായറാഴ്ച മുതലാണ് ഇമെഡിക്കല്‍ ഫലം സ്വീകരിച്ചു തുടങ്ങിയത്. ദുബൈയിലെ വിസക്കുള്ള മെഡിക്കല്‍ റിസള്‍ട്ടുകളുടെ സ്ഥിരീകരണത്തിന് പ്രത്യേക ഓണ്‍ലൈന്‍ ലിങ്ക് സജീവമാക്കിയതിനാല്‍ ഹാര്‍ഡ് കോപ്പിയില്‍ സബ്മിറ്റ് ചെയ്തവര്‍ ഓണ്‍ലൈന്‍ ഫലങ്ങള്‍ക്ക് അപേക്ഷിക്കേണ്ടി വരും. ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കടലാസില്‍ അച്ചടിക്കുന്ന രീതി കുറക്കാനുള്ള ലക്ഷ്യത്തോടെയുള്ള പേപര്‍ലസ് സ്ട്രാറ്റജിക്ക് അനുസൃതമായാണ് ഈ മാറ്റമെന്ന് ജിഡിആര്‍എഫ്എഡി ഉപയോക്തൃ സന്തുഷ്ടി കേന്ദ്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്.കേണല്‍ ജാസിം അലി അഹ്ലി അറിയിച്ചു.

മുന്‍പ് മെഡിക്കല്‍ റിസള്‍ട്ടുകള്‍ ഇമെയിലില്‍ പിഡിഎഫ് പേപറില്‍ അയച്ചു കൊടുക്കുന്ന രീതിയാണുണ്ടായിരുന്നത്. ആ ഫലം പ്രിന്റെടുത്ത് ആമര്‍ കേന്ദ്രങ്ങളില്‍ വിസാ അപേക്ഷകള്‍ക്കൊപ്പം നല്‍കിയിരുന്നു. അത്തരം നടപടികള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുമായുള്ള ഓണ്‍ലൈന്‍ ലിങ്കില്‍ മെഡിക്കല്‍ ഫലം ദൃശ്യമാകുന്ന സൗകര്യമാണ് പുതുതായി നിലവില്‍ വന്നിരിക്കുന്നത്. ഇത്തരത്തില്‍, ജിഡിആര്എഫ്എഡിയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്നുണ്ടാക്കിയ ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ്ഔട്ടിന്റെ ആവശ്യകത ഇല്ലാതാവുകയും ചെയ്യുന്നതാണ്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2018ല്‍ ഉദ്ഘാടനം ചെയ്തതാണ് ദുബൈ പേപര്‍ലസ് സ്ട്രാറ്റജി. സമഗ്രമായി കടലാസ് രഹിത സര്‍ക്കാര്‍ ചട്ടക്കൂട് നിര്‍മിക്കാനും ദുബൈയെ സമ്പൂര്‍ണ സ്മാര്‍ട് സിറ്റിയാക്കാനുമുള്ള ഭരണകൂടത്തിന്റെ ധൈഷണികമായ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഘട്ടം ഘട്ടമായുള്ള നടപടികള്‍. പ്രതിവര്‍ഷം സര്‍ക്കാര്‍ ഇടപാടുകളിലുള്ള ഒരു ബില്യന്‍ പേപറുകളുടെ ഉപയോഗം ദുബൈ പേപര്‍ലസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകുന്നതാണ്.
അതിനിടെ, വിസാ സേവനങ്ങള്‍ക്ക് വകുപ്പിന്റെ സ്മാര്‍ട്ട് ചാനലുകള്‍ പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജിഡിആര്‍എഫ്എഡി അഭ്യര്‍ത്ഥിച്ചു. മിക്ക സര്‍വീസുകളും ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാണ്. എത്ര വിദൂരതയില്‍ നിന്നും വിസാ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സ്മാര്‍ട്ട് ചാനലുകള്‍ക്ക് കഴിയും. വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ, അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്തോ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. 2021ന് ശേഷം ദുബൈ ഗവണ്മെന്റിലെ ഒരു ജീവനക്കാരനോ ഉപയോക്താവോ ഒരു പേപറും അച്ചടിക്കേണ്ടതില്ലന്നാണ് പേപര്‍ലസ് സ്ട്രാറ്റജി ലക്ഷ്യം വെക്കുന്നത്.