പ്‌ളേറ്റ്‌ലെറ്റ് ദാനം: കെഎംസിസിക്ക് ദുബൈ ഗവണ്‍മെന്റിന്റെ പ്രശംസാപത്രം

ബ്‌ളഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സൂപര്‍വൈസര്‍ നിമ്മി തോമസ് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിക്ക് പ്രശംസാ പത്രം കൈമാറിപ്പോള്‍. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഡിഎച്ച്എ ബ്‌ളഡ് ഡൊണേഷന്‍ ടീം സൂപര്‍വൈസര്‍ അന്‍വര്‍ വയനാട്, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് സമീപം

ദുബൈ: ദുബൈ ഹെല്‍ത് അഥോറിറ്റി(ഡിഎച്ച്എ)യുടെ ബ്‌ളഡ് ബാങ്കിലേക്ക് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് രണ്ടാം ഘട്ടം 1,000 യൂണിറ്റ് രക്തം സമാഹരിക്കാനുള്ള ലക്ഷ്യവുമായി ബ്‌ളഡ് ആന്‍ഡ് പ്‌ളേറ്റ്‌ലെറ്റ് ദാ ക്യാമ്പ് സംഘടിപ്പിച്ച് വിജയകരമായി പൂര്‍ത്തീകരിച്ചതിന് അധികൃതര്‍ പ്രശംസാ പത്രം നല്‍കി ആദരിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനാവശ്യമായ രക്ത സമാഹരണത്തിന് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബിലും ലത്തീഫ ഹോസ്പിറ്റല്‍ ബ്‌ളഡ് ഡൊണേഷന്‍ സെന്ററിലും നടത്തിയ മെഗാ ക്യാമ്പില്‍ നിന്നും 2000 യൂണിറ്റ് രക്തമാണ് നല്‍കിയത്. 6 മാസമായി പതിനഞ്ചോളം ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തിലും യുഎഇയുടെ 49-ാം ദേശീയ ദിനാഘോഷ ഭാഗമായുമാണ് ക്യാമ്പ് ഒരുക്കിയത്. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യദ്ദീന്‍ രക്തം ദാനം ചെയ്താണ് കാമ്പയിന് തുടക്കം കുറിച്ചത്. നേരത്തെ, 1000 യൂണിറ്റ് പൂര്‍ത്തീകരിച്ചപ്പോള്‍ ഡിഎച്ച്എ കാസര്‍കോട് ജില്ലാ കെഎംസിസിക്ക് പ്രശംസാപത്രം നല്‍കിയിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ബ്‌ളഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന ലളിത ചടങ്ങില്‍ സൂപര്‍വൈസര്‍ നിമ്മി തോമസ് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിക്ക് പ്രശംസാ പത്രം കൈമാറി. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഡിഎച്ച്എ ബ്‌ളഡ് ഡൊണേഷന്‍ ടീം സൂപര്‍വൈസര്‍ അന്‍വര്‍ വയനാട്, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് സംബന്ധിച്ചു.
നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ 2000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും കാസര്‍കോട് ജില്ലാ കെഎംസിസിക്ക് കീഴിലുള്ള മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ക്കും ജില്ലാകമ്മിറ്റി നന്ദി രേഖപ്പെടുത്തി.