‘ദി സ്വിംങ്’: അല്‍നൂര്‍ ദ്വീപിലെ പുതിയ കലാരൂപം; ഷാര്‍ജ നഗരം കണ്ട് ഊഞ്ഞാലാടാം

11

ഷാര്‍ജ: മലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ഷാര്‍ജ അല്‍നൂര്‍ ദ്വീപില്‍ പുതിയ കലാരൂപം അനാവൃതമായി. ‘ദി സ്വിംങ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഊഞ്ഞാലാണ് ദ്വീപിലെ കലാരൂപങ്ങളിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടത്. അതിഥികള്‍ക്കുള്ള വിനോദമെന്നതോടൊപ്പം, യുഎഇയുടെ ഇന്നലെകളെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന ആശയം പങ്കു വെക്കുന്നത് കൂടിയാണ് നഗരക്കാഴ്ചകളിലേക്ക് നോക്കി നില്‍ക്കുന്ന ഈ ഊഞ്ഞാല്‍. ഇമാറാത്തി കലാകാരി അസ്സ അല്‍ഖുബൈസിയാണ് ഈ വേറിട്ട കലാരൂപം ഒരുക്കിയിരിക്കുന്നത്.
തുരുമ്പു നിറത്തിലുള്ള ഏഴ് സ്റ്റീല്‍ പാളികളുപയോഗിച്ചാണ് ഊഞ്ഞാലിന്റെ നിര്‍മാണം. യുഎഇയുടെ സഹിഷ്ണുതാ പ്രതീകമായിരുന്ന ഗാഫ് മരത്തിന്റെയും ഈന്തപ്പനയുടെയും ഇലകള്‍ കൊത്തിയ കലാരൂപത്തില്‍, പഴമയുടെയും പുതുമയുടെയും സമ്മേളനം കാണാം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള പ്രദേശത്തെ ജീവിത ചിത്രങ്ങളില്‍ നിന്നാണ് ഊഞ്ഞാല്‍ കലാരൂപത്തിന്റെ ആശയം സ്വീകരിച്ചിരിക്കുന്നത്. അക്കാലത്ത് പവിഴപ്പുറ്റുകള്‍ തേടി കടലിലേക്ക് പോകുന്ന പ്രിയപ്പെട്ടവര്‍, സുരക്ഷിതമായി മടങ്ങിവരുന്നതും കാത്ത് സ്ത്രീകള്‍ തീരത്ത് കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പാണ് ഉഞ്ഞാലെന്ന കലാരൂപമൊരുക്കാന്‍ പ്രേരണയായതെന്ന് കലാകാരി പറയുന്നു.


”എണ്ണയുടെ സമൃദ്ധിക്ക് മുന്‍പുള്ള കാലത്ത്, പവിഴപ്പുറ്റുകള്‍ തേടിയുള്ള കടല്‍ യാത്രകള്‍ പതിവായിരുന്നു. കടലിലേക്ക് പോകുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുമുണ്ടായിരുന്നു. ഇങ്ങനെ, കടലിലേക്ക് പോകുന്ന തന്റെ പ്രിയപ്പെട്ടവര്‍ മടങ്ങി വരുന്നതും കാത്ത്, കരയില്‍ സ്ത്രീകള്‍ കാത്തിരിക്കും. വേദനയും ആകാംക്ഷയും നിറയുന്ന ആ കാത്തിരിപ്പിനെ അടയാളപ്പെടുത്തുന്നതോടൊപ്പം, അതിനെ ഇന്നത്തെ സമൃദ്ധിയോട് ചേര്‍ത്ത് വെക്കാന്‍ കൂടിയുള്ള ശ്രമമാണ് ‘ദി സ്വിംങ്’. ഇന്ന്, കണ്‍മുന്നില്‍ രാജ്യത്തിന്റെയും ഷാര്‍ജയുടെയും വളര്‍ച്ചയാസ്വദിച്ച് സമാധാനത്തോടെ ഈ തീരത്ത് കുടുംബത്തോടൊരുമിച്ച് നിന്ന് ഊഞ്ഞാലാടാം” -അസ്സ അല്‍ഖുബൈസി പറയുന്നു. പഴയതും പുതിയതുമായ വസ്തുക്കള്‍ ചേര്‍ത്താണ് രണ്ടു കാലങ്ങളെ സമ്മേളിപ്പിക്കുന്ന കലാരൂപമൊരുക്കിയിരിക്കുന്നത്. ഇന്നലെകളെ ഓര്‍ക്കാതെ ഇന്നില്‍ നിലനില്‍ക്കാനാവില്ലല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പകല്‍ പഴമയുടെ മോടിയോടെ നില്‍ക്കുന്ന ഊഞ്ഞാല്‍, രാത്രിയാകുന്നതോടെ വെളിച്ച സംവിധാനത്തില്‍ മിന്നിത്തിളങ്ങും. മുന്നിലെ ഖാലിദ് തടാകത്തിന്റെ കാഴ്ചയും അക്കരെയുള്ള നഗര വെളിച്ചവും കൂടിയാകുമ്പോള്‍ ഊഞ്ഞാല്‍ കാഴ്ചക്ക് മാറ്റേറുന്നു. യുഎഇയിലെ തന്നെ മുന്‍നിര കലാകേന്ദ്രങ്ങളിലൊന്നായ ഷാര്‍ജ മറായ ആര്‍ട് സെന്ററുമായി ചേര്‍ന്നാണ് അല്‍നൂര്‍ ദ്വീപില്‍ ഈ കലാരൂപം സ്ഥാപിച്ചിട്ടുള്ളത്.
യുഎഇയിലും വിദേശത്തുമുള്ള കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരങ്ങളൊരുക്കുക, പ്രോത്സാഹിപ്പിക്കുക എന്ന മറായ ആര്‍ട് സെന്ററിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് അല്‍നൂര്‍ ദ്വീപിലെ ‘ദി സ്വിംങ്’. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ദ്വീപില്‍, ഇത്തരമൊരു വേറിട്ട കലാരൂപം ഒരുക്കാനായതില്‍ ഏറെ ആഹ്‌ളാദമുണ്ട്. ചരിത്രപരമായ ആശയത്തിലൂന്നി അസ്സ അല്‍ഖുബൈസി ഒരുക്കിയ ഈ സൃഷ്ടി, ഒരു ഇമാറാത്തി കലാകാരിയില്‍ നിന്നുള്ള ദ്വീപിലെ ആദ്യ കലാസംഭാവനയായതില്‍ അഭിമാനിക്കുന്നു. സന്ദര്‍ശകര്‍ക്ക് തീര്‍ച്ചയായും ഇത് വേറിട്ടൊരു അനുഭവമാകുമെന്നും ഷാര്‍ജ മറായ ആര്‍ട് സെന്ററിന്റെയും 1971 ഡിസൈന്‍ സ്‌പെയ്‌സിന്റെയും ഡയറക്ടര്‍ ഡോ. നീന ഹെയ്ഡമന്‍ പറഞ്ഞു. ദി സ്വിംങ് അനാവരണം ചെയ്തതോടെ, അല്‍നൂര്‍ ദ്വീപില്‍ കലാരൂപങ്ങള്‍ സ്ഥാപിച്ച എട്ട് രാജ്യാന്തര കലാകാരന്മാരുടെ പട്ടികയില്‍ അസ്സ അല്‍ ഖുബൈസിയും സ്ഥാനം പിടിച്ചു.
ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍നൂര്‍ ദ്വീപ് നിലകൊള്ളുന്നത് നഗര മധ്യത്തിലെ ഖാലിദ് തടാകത്തിലാണ്. 45470 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദ്വീപില്‍ ശലഭ വീട്, കുട്ടികള്‍ക്കുള്ള കളിയിടം, കലാ സൃഷ്ടികള്‍, ലിറ്ററേചര്‍ പവലിയന്‍, കഫേ അടക്കം നിരവധി കാഴ്ചകളുണ്ട്.