യുഎഇ ചൊവ്വാ പര്യവേക്ഷണം: ആഘോഷപൂര്‍വം പങ്കാളികളായി ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളും

ഷാര്‍ജ: ചൊവ്വാ പര്യവേക്ഷണ ദൗത്യവുമായി ബഹിരാകാശത്തേക്ക് കുതിച്ച ചൊവ്വാ പേടകത്തിന്റെ വിക്ഷേപണത്തില്‍ മുഴുവന്‍ ഇമാറാത്തികളുടെയും സന്തോഷത്തില്‍ ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളും പങ്കാളികളായി. ചൊവ്വയുടെ നിറമായ ചുവന്ന വസ്ത്രം ധരിച്ച് കലാലയത്തിലെത്തിയ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ അഭിമാനപൂര്‍വമാണ് ആഘോഷ പരിപാടിയില്‍ ഭാഗഭാക്കായത്. ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യ അറബ് രാഷ്ട്രമായ യുഎഇയുടെ സന്തോഷത്തില്‍ ആവേശപൂര്‍വം പങ്കാളികളായ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം തുടങ്ങിയവര്‍ അഭിനന്ദിച്ചു. അസി. ഡയറക്ടര്‍ അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, വൈസ് പ്രിന്‍സിപ്പല്‍മാരായ താഹിര്‍ അലി, ഷിഫാന മുഇസ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.