യുഎഇ ചൊവ്വാ ദൗത്യം അതീവ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടം: എം.എ യൂസുഫലി

97
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി

അബുദാബി: യുഎഇയുടെ ചൊവ്വാ ദൗത്യം ചരിത്രപരമായ മുഹൂര്‍ത്തവും അതീവ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടവുമാണെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി. ഇതുസംബന്ധിച്ച പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
”ഈ മഹത്തായ രാജ്യത്ത് നിലകൊള്ളാനായതിലും ഈ വമ്പന്‍ സാങ്കേതിക മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാനായതിലും ഈ മേഖലക്ക് മാത്രമല്ല, അറബ് മേഖലക്കാകെ തന്നെയും അത്യധികമായ അഭിമാനമുണ്ട്. നാം യുഎഇയുടെ 50-ാം വാര്‍ഷികം ആഘോഷിക്കാനായി തയാറെടുക്കുമ്പോള്‍ ‘ഹോപ് മിഷന്‍’ ഏറ്റവും ആവശ്യമായത് തീര്‍ച്ചയായും യുവതക്കും മുഴുവന്‍ മനുഷ്യ സമൂഹത്തിനുമായി, പ്രത്യേകിച്ചും ഈ പ്രതിസന്ധികള്‍ നിറഞ്ഞ കാലയളവില്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഈ ദൗത്യത്തിന്റെ വിജയം ഭാവിയില്‍ കൂടുതല്‍ ബൃഹത്തും ഫലദായകവുമായ സംരംഭങ്ങളോടെ മുന്നോട്ടു പോകാനുള്ള യുഎഇയുടെ ആത്മവിശ്വാസത്തെ ത്വരിതപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പുതുപുത്തന്‍ ആശയങ്ങളുടെയും സ്ഥിരോല്‍സാഹത്തിന്റെയും പ്രകാശവാഹകരായ യുഎഇയിലെ ധിഷണാശാലികളായ ഭരണാധികാരികള്‍ക്കും ഈ മഹത്തായ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സംഘത്തിനും ആത്മാര്‍ത്ഥമായ കടപ്പാടും അഭിനന്ദനവുമര്‍പ്പിക്കാന്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനാളുകള്‍ക്കൊപ്പം ഞാനും അണി ചേരുന്നു” -യൂസുഫലി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കുള്ള യുഎഇയുടെ മഹത്തായ വിജയ ദൗത്യത്തിന് ആശംസകളുമായി അബുദാബിയിലെ മുശ്‌രിഫ് മാള്‍ ലുലു ഇന്ന് (തിങ്കള്‍) രാത്രി ചുവപ്പണിയും.