വില്ലാ പദ്ധതിയില്‍ വഞ്ചിക്കപ്പെട്ടെന്ന് നിക്ഷേപകര്‍

നിക്ഷേപകരായ എം.വി ബൈജു, ലത്തീഫ് അബൂബക്കര്‍, ടി.രാജന്‍ നമ്പ്യാര്‍, കെ.എ ബഷീര്‍, തോംസണ്‍ മാത്യു കുണ്ടുകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: വയനാട് വൈത്തിരിയിലെ വില്ലാ പദ്ധതിയില്‍ കെന്‍സ ഹോള്‍ഡിംഗ്‌സ് വിശ്വാസ വഞ്ചന നടത്തിയതായി നിക്ഷേപകര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 2015 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഴുവന്‍ തുക ഒന്നിച്ചു നല്‍കിയാല്‍ ഒരു വര്‍ഷത്തിനകം വില്ല പൂര്‍ണ രൂപത്തില്‍ പണി കഴിപ്പിച്ചു തരുമെന്നായിരുന്നു വാഗ്ദാനം. ചില നിക്ഷേപകര്‍ മുഴുവന്‍ തുക നല്‍കിയിട്ടും വില്ല കൈമാറിയില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് അഞ്ചു വര്‍ഷമായി. ഇത് വരെ വില്ലാ പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല. ചില ആളുകള്‍ ഗഡുക്കളായി പണം നല്‍കി. 25 ശതമാനം നിക്ഷേപം നടത്തിയാല്‍ സ്ഥലം എഴുതി നല്‍കുമെന്ന് പറഞ്ഞു. ചിലരുടെ കാര്യത്തില്‍ ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതിനെതിരെ കേരളത്തില്‍ പോലീസില്‍ പരാതിപ്പെട്ടു. അവര്‍ കോടതിയില്‍ പോകാന്‍ പറഞ്ഞു. അങ്ങനെയാണ് ഇരകളിലൊരാളും അര്‍ബുദ രോഗിയുമായ സന്തോഷ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഏതാനും ദിവസം മുന്‍പ് കോടതിയുടെ ഇടക്കാല തീര്‍പ്പ് വന്നിട്ടുണ്ട്. കെന്‍സ ഹോള്‍ഡിംഗ്‌സ് വില്ലകള്‍ പുറത്താര്‍ക്കും കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ, കെന്‍സ ചെയര്‍മാന്‍ വേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വില്ലാ പദ്ധതിയുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് നീതി ലഭ്യമാവണമെന്നാണ് ആവശ്യപ്പെടുന്നതെന്നും നിക്ഷേപകരായ എം.വി ബൈജു, ലത്തീഫ് അബൂബക്കര്‍, ടി.രാജന്‍ നമ്പ്യാര്‍, കെ.എ ബഷീര്‍, തോംസണ്‍ മാത്യു കുണ്ടുകുളം എന്നിവര്‍ പറഞ്ഞു.