2021 ആദ്യ പാദത്തില്‍ 10 ഹൈപര്‍ മാര്‍ക്കറ്റുകളുമായി ലുലു ഗ്രൂപ്

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സാന്നിധ്യത്തില്‍ ദുബൈ സാമ്പത്തിക വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിം ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി വര്‍സാന്‍ സൂഖിലെ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ വര്‍സാന്‍ സൂഖില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദ കാലയളവില്‍ 10 ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് ലുലു ഗ്രൂപ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയിലെ വര്‍സാന്‍ സൂഖിലെ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെയാണ് ഗ്രൂപ്പിന്റെ ഈ നേട്ടം.
ദുബൈ സാമ്പത്തിക വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിമാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സാന്നിധ്യത്തില്‍ വര്‍സാന്‍ സൂഖിലെ പുതിയ ഹൈപര്‍ മാര്‍ക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
ദുബൈയിലെ ഏറ്റവും പുതിയ ആകര്‍ഷണങ്ങളിലൊന്നായ ദുബൈ സഫാരി പാര്‍ക്കിനടുത്ത് 150,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഹൈപര്‍ മാര്‍ക്കറ്റ് അല്‍ഖവാനീജ്, ഇന്റര്‍നാഷണല്‍ സിറ്റി, വര്‍സാന്‍ വില്ലേജ് എന്നിവിടങ്ങളിലെ വിവിധ രാജ്യക്കാരായ താമസക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ പത്ത് ഹൈപര്‍ മാര്‍ക്കറ്റുകളാണ് ഗ്രൂപ് ആരംഭിച്ചതെന്ന് എം.എ യൂസുഫലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഒരോ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. ഇതോടെ, ആഗോള തലത്തിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ എണ്ണം ഇരുനൂറ്റി ഏഴായി.
രാജ്യങ്ങളിലെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികളാണ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ പ്രചോദനമേകുന്നത്. ഇത് വാണിജ്യ, വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ യുഎഇയില്‍ മാത്രം 10 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ വിവിധ എമിറേറ്റുകളില്‍ തുറക്കുമെന്നും യൂസുഫലി പറഞ്ഞു.
യുഎഇ (3), ഒമാന്‍ (2), സഊദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഓരോന്നും വീതം ഹൈപര്‍ മാര്‍ക്കറ്റുകളാണ് ആദ്യ പാദ കാലയളവില്‍ ലുലു ആരംഭിച്ചത്.
ദുബൈയിലെ പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ നഖീല്‍ പ്രോപര്‍ടീസ് ചീഫ് അസറ്റ് ഓഫീസര്‍ ഉമര്‍ ഖൂരി, ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം, ജെയിംസ് വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.