അക്കാഫ് സ്ഥാപക പ്രസിഡണ്ട് ജി.നടരാജനെ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് അനുസ്മരിച്ചു

ദുബൈ: അക്കാഫ് സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായിരുന്ന ജി.നടരാജന്റെ നിര്യാണത്തില്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് അനുശോചന യോഗം ചേര്‍ന്നു. ദുബൈ ക്‌ളാസിക് റെസ്റ്റാറന്റില്‍ കോവിഡ് 19 പ്രൊട്ടോകോള്‍ പാലിച്ച് നടന്ന അനുശോചന യോഗത്തില്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് നേതാക്കള്‍ അനുശോചനം അറിയിച്ചു.
രാഷ്ട്രീയ-മത-പ്രാദേശിക പരിഗണനകള്‍ നോക്കാതെ കേരളത്തിലെ കലാലയങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ അവരവരുടെ കോളജ് അലൂംനികളുടെ കീഴില്‍ കോര്‍ത്തിണക്കി അക്കാഫ് പോലൊരു സംഘടന രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം നേതൃപരമായ വഹിച്ച പങ്കിനെ യോഗത്തില്‍ പങ്കെടുത്തവരെല്ലാം അനുസ്മരിച്ചു.
അക്കാഫ് മുന്‍ പ്രസിഡന്റുമാരായ പോള്‍.ടി ജോസഫ്, ശശികുമാര്‍ നായര്‍, റാഫി പട്ടേല്‍, രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, സാനു മാത്യു, മുന്‍ ഭാരവാഹികളായ വെങ്കിട്ട് മോഹന്‍, പ്രവീണ്‍ കുമാര്‍, ജൂബി, ഷൈന്‍ ചന്ദ്രസേനന്‍, ഷാക്കിര്‍ ഹുസ്സൈന്‍, ഷാജി അബ്ദുല്‍ റഹ്മാന്‍, ഷുജാ സോമന്‍ തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു. നടരാജന്‍ അക്കാഫില്‍ സജീവമാകുന്നത് കേരളത്തിലെ അറിയപ്പെടുന്ന മൂന്ന് കോളജുകളുടെ പൂര്‍വവിദ്യാത്ഥി പ്രതിനിധിയായിട്ടാണ്.അദ്ദേഹം അക്കാഫിന്റെ ഭാഗമായ ടികെഎം എഞ്ചിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് അനീഷ് സമത്, ഫാത്തിമ മാതാ നാഷണല്‍ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് നൗഷാദ് മുഹമ്മദും തിരുവനന്തപുരം എഞ്ചി.കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ജന.സെക്രട്ടറി ദീപു എ.എസും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ചെണാവ്വാഴ്ച കൊല്ലത്ത് അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന മരണാന്തര ചടങ്ങുകളില്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിനെ പ്രതിനിധികരിച്ച് സെന്റ് ഗ്രിഗോറിയസ് കോളജ് പൂര്‍വ വിദ്യാത്ഥി സംഘടനയുടെ ഭാരവാഹി ചിത്രാ ഷൈന്‍ പങ്കെടുക്കുകയും ബന്ധുക്കളെ അക്കാഫിന്റെ ദുഃഖം അറിയിക്കുകയും ചെയ്തു.
അതോടൊപ്പം, കാസര്‍കോട് ഗവ.കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സജീവ മെംബറും ഷാര്‍ജയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവത്തകനുമായിരുന്ന മാധവന്‍ നായര്‍, ശ്രീകൃഷ്ണ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹിയായിരുന്ന ഫിറോസ്, എസ്എന്‍എം കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന (സാഗ) മെംബര്‍ ആയിരുന്ന ശ്രീനി രാഘവന്‍ തുടങ്ങിയവരുടെ അകാല നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.