‘ഫാമിലി ബാചിലേഴ്‌സ്’ വെബ് ടിവി സീരീസ് ശ്രദ്ധേയമാകുന്നു

അല്‍ ഐന്‍: ലയണ്‍സ് ക്‌ളബ് ഓഫ് വേണാട് ഒയാസിസ് ബാനറില്‍ ആരംഭിച്ച ‘ഫാമിലി ബാചിലേഴ്‌സ്’ ടിവി വെബ് സീരീസ് ശ്രദ്ധേയമാകുന്നു. പൂര്‍ണമായും പ്രവാസ ഭൂമിയില്‍ ചിത്രീകരിക്കുന്ന ഹ്രസ്വ കഥകള്‍ നര്‍മത്തില്‍ കോര്‍ത്തിണക്കിയാണ് ആഴ്ച തോറും പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഭരത് മുരളി നാടകോത്സവത്തില്‍ 4 തവണ യുഎഇയില്‍ നിന്നുള്ള മികച്ച സംവിധായകനായും രണ്ടു തവണ അഭിനയത്തിലും പുരസ്‌കാരം നേടിയ സാജിദ് കൊടിഞ്ഞിയാണ് സീരീസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
‘ഫാമിലി ബാചിലേഴ്‌സ്’ പ്രവാസ ലോകത്ത് നിന്ന് തന്നെയുള്ള പ്രഥമ വെബ് സീരീസ് ആണ്. സീരീസിന്റെ പ്രഥമ എപ്പിസോഡ് ‘ആകെ മൊത്തം ഫ്രീ’ കഴിഞ്ഞ വെള്ളിയാഴ്ച എന്‍ടിവിയിലൂടെയും തുടര്‍ന്ന് യൂ ട്യൂബ് വഴിയും പ്രേക്ഷക സമക്ഷമെത്തി. വെബ് സീരീസിന്റെ ടീസര്‍ പിന്നണി ഗായകന്‍ ബിജു നാരായണന്‍, ട്രെയ്‌ലര്‍ കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ, പോസ്റ്റര്‍ എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കഡോണ്‍, സീരീസ് സമാരംഭം സിനിമാ നിര്‍മാതാവ് എ.വി അനൂപ്, സമര്‍പ്പണം സിനിമാ സംവിധായകന്‍ സോഹന്‍ റോയ് എന്നിവര്‍ നിര്‍വഹിച്ചു.
വര്‍ണാഭമായ ചടങ്ങ് ലയണ്‍സ് ക്‌ളബ് ഓഫ് വേണാടിന്റെ പുതിയ ഭാരവാഹികളായ മധു (ഓമനക്കുട്ടന്‍), ജോയ് തണങ്ങാടന്‍, ജേക്കബ്.വി തോമസ്, കെ.ഒ ഉമ്മന്‍ എന്നിവര്‍ നിയന്ത്രിച്ചു.
ഫാമിലി ബാചിലേഴ്‌സിന് വന്‍ സ്വീകരണമാണ് ഇതിനോടകം ലഭിച്ചു വരുന്നത്.