ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ചത് 154,000 യാത്രക്കാര്‍

14
ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്-3ലെ ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ചത് 154,000ലധികം യാത്രക്കാരാണെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. എയര്‍പോര്‍ട്ടിലെ മുഴുവന്‍ നടപടികളും മുഖം കാണിച്ച് പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. വിമാന യാത്രക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രാ രേഖയായി സിസ്റ്റത്തില്‍ അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും മികച്ച ടെക്‌നോളജിയാണിത്. കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഔദ്യോഗികമായി ഇത് തുറന്നു കൊടുത്തത്. ദുബൈ എയര്‍പോര്‍ട്ടിലെ പരീക്ഷണ ഘട്ടം മുതല്‍ ഇതു വരെയുള്ള ആറു മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പാസ്‌പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ അഞ്ചു മുതല്‍ ഒമ്പത് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം യാത്രക്കാരെ അനുവദിക്കുന്നു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് ക്‌ളാസ് യാത്രക്കാരുടെ ഡിപാര്‍ചര്‍, അറൈവല്‍ ഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 2021ലെ മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നൊവേഷന്റെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാര്‍ഡ് ലഭിച്ചത് ഈ ബയോമെട്രിക് യാത്രാ സംവിധാനത്തിനായിരുന്നു.
തടസ്സമില്ലാത്ത സ്മാര്‍ട്ട് യാത്രാ സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യ ഘട്ടത്തില്‍ തങ്ങളുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. യാത്രക്കാര്‍ എമിറേറ്റ്‌സ് ചെക്ക്-ഇന്‍ കൗണ്ടറില്‍ സമീപിച്ച് പാസ്‌പോര്‍ട്ട് വിവരങ്ങളും അവിടെയുള്ള ബയോമെട്രിക് കാമറയില്‍ മുഖവും കണ്ണുകളും കാണിച്ച് രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇതിനുള്ള ആദ്യ പടി. ഇത് ചെയ്യുന്നതോടു കൂടിയാണ് ഇതിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുക. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു രജിസ്‌ട്രേഷന്‍ ഇതിനാവശ്യമില്ല. സ്മാര്‍ട്ട് ഗേറ്റ്, സ്മാര്‍ട്ട് ടണല്‍, ഇടങ്ങളിലെ കാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലെ മുഖവും യാത്രക്കാരന്റെ മുഖവും കണ്ണും ഒന്നാണെന്ന് തിരിച്ചറിഞ്ഞ് അവിടെയുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ബോര്‍ഡിംഗ് ഗേറ്റിലും എമിറേറ്റ്‌സ് ഫസ്റ്റ് ക്‌ളാസ് ലോഞ്ചിലും ഇതേ പ്രക്രിയ തുടര്‍ന്ന് വിമാനത്തില്‍ കയറും വരെ യാത്രക്കാര്‍ക്ക് തടസ്സ രഹിതമായ സേവനം ഇത് പ്രദാനം ചെയ്യുന്നു. ഓരോ പോയിന്റിലൂടെയും കടന്നു പോകാന്‍ എടുത്ത സമയം യാത്രക്കാരന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 39ാമത് ജൈടെക്‌സ് സാങ്കേതിക വാരത്തിലാണ് ദുബൈ ആദ്യമായി ഈ സാങ്കേതിക സൗകര്യം അവതരിപ്പിച്ചത്.

ജിഡിആര്‍എഫ്എ അസി.ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍

ദുബൈ എയര്‍പോര്‍ട്ടിലെ ഓരോ ചെക്ക്-ഇന്‍ പോയിന്റിലെയും കാത്തിരിപ്പ് സമയം പരമാവധി കുറക്കാന്‍ തങ്ങള്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ദുബൈ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കൊപ്പമല്ല. സെക്കന്‍ഡുകള്‍ക്കുള്ളിലാണ് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കള്‍ വകുപ്പിന് വളരെ പ്രധാനപ്പെട്ടവരാണ്. അവര്‍ സഞ്ചരിച്ച ഏറ്റവും മികച്ച വിമാനത്താവളം ദുബൈ വിമാനത്താവളമാണണെന്ന പ്രതിധ്വനി അവരില്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നുവെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി വ്യക്തമാക്കി.
ദുബൈ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്ര സുഗമവും വേഗത്തിലും സമ്മര്‍ദ രഹിതവുമായിരിക്കണമെന്ന നിര്‍ബന്ധം ദുബൈക്കുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബയോമെട്രിക് സേവനം എങ്ങനെ ഉപയോഗിക്കാം?
സ്മാര്‍ട്ട് ഗേറ്റുകളാണെങ്കിലും കടന്നു പോകുന്നവര്‍ കാമറക്ക് മുന്നില്‍ എത്തുമ്പോള്‍ അവരുടെ മാസ്‌കുകള്‍, ഗ്‌ളാസുകള്‍, തൊപ്പികള്‍ എന്നിവ താഴ്ത്തി അതിലേക്ക് നോക്കണം. യാത്രക്കാരന്റെ ബയോമെട്രിക് ഡാറ്റ സ്‌കാന്‍ ചെയ്യുകയും ഗ്രീന്‍ സിഗ്‌നല്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഗേറ്റ് തുറക്കുകയും യാത്രക്കാര്‍ക്ക് കടന്നു പോകുകയും ചെയ്യാം. സ്മാര്‍ട്ട് ഗേറ്റ് യാത്രക്കാരനെ ഉടനടി തിരിച്ചറിഞ്ഞില്ലെങ്കില്‍, അവരോട് തിരിച്ചു പോയി വീണ്ടും ശ്രമിക്കാനുള്ള സന്ദേശം അവിടെ ദൃശ്യമാകും. സേവനം എങ്ങനെ ഉപയോഗിക്കണമെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ എല്ലാ ഗേറ്റുകള്‍ക്കും സമീപം സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ഉണ്ടായിരിക്കും. സ്വദേശികള്‍, ജിസിസി പൗരന്മാര്‍, യുഎഇ വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

39ാമത് ജൈടെക്‌സ് പ്രദര്‍ശന നഗരിയില്‍ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ ദാനി ജുമാ അല്‍ ഹാമിലി ബയോമെട്രിക് സംവിധാനം പരിശോധിക്കുന്നു (ഫയല്‍ ചിത്രം)