ഫോറീന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പിന് പുതിയ സാരഥികള്‍

ഫെര്‍ജ് സാരഥികളായ മുഹമ്മദ് അലി അല്‍അന്‍സാരി (ചെയ.), അദീബ് അഹമ്മദ് (വൈ.ചെയ.), രാജീവ് റായ് പഞ്ചോലിയ (സെക്ര.), ആന്റണി ജോസ് (ട്രഷ.), ഇമാദ് ഉല്‍ മാലിക് (ജോ.ട്രഷ.), ഉസാമ അല്‍ റഹ്മ (ഉപദേശക സമിതിയംഗം)

അബുദാബി: യുഎഇയിലെ ഫോറീന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പിന്റെ (ഫെര്‍ജ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ധനവിനിമയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ കൂട്ടായ്മയാണിത്. പുള്‍മാന്‍ ദുബൈ ഡൗണ്‍ടൗണില്‍ നടന്ന ഈ വര്‍ഷത്തെ ആദ്യ കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുഹമ്മദ് അലി അല്‍ അന്‍സാരി (ചെയ.), അദീബ് അഹമ്മദ് (വൈ.ചെയ.), രാജീവ് റായ് പഞ്ചോലിയ (സെക്ര.), ആന്റണി ജോസ് (ട്രഷ.), ഇമാദ് ഉല്‍ മാലിക് (ജോ.ട്രഷ.), ഉസാമ അല്‍ റഹ്മ (ഉപദേശക സമിതിയംഗം) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2020 നവംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഫെര്‍ജ് കമ്മിറ്റിയംഗങ്ങളുടെ പ്രഖ്യാപനം അടുത്തിടെ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണുണ്ടായത്.
ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്, അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, അല്‍ഗുറൈര്‍ എക്‌സ്‌ചേഞ്ച്, അല്‍റസൂകി ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, അല്‍റുസ്തമാനി ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്, ഇന്‍ഡെക്‌സ് എക്‌സ്‌ചേഞ്ച്, ഓറിയന്റ് എക്‌സ്‌ചേഞ്ച്, റിദാ അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്, വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് എന്നിവയാണ് കമ്മിറ്റിയിലുള്ളത്. ഫെര്‍ജ് നയരൂപീകരണത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ഭാരവാഹികള്‍ നേതൃത്വം നല്‍കും. ധനവിനിമയ രംഗങ്ങളിലെ തെറ്റായ പ്രവണതകള്‍ പരിഹരിച്ച് പൂര്‍ണ സുരക്ഷ ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം കരുത്ത് പകരും. കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്തും എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തല അനുമതി തേടല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഫെര്‍ജ് നിര്‍ണയാക സ്വാധീനമാണ് ചെലുത്തിയത്. ഉപഭോക്തൃ സേവന നിലവാരമുയര്‍ത്തുന്ന പ്രത്യേക പരിശീലന പദ്ധതികളും അംഗ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കായി ഫെര്‍ജ് സംഘടിപ്പിക്കാറുണ്ട്.