ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് വനിതാ ദിനാഘോഷം: ശ്രീലേഖ ഐപിഎസും ഡോ. പുഷ്പ കുറുപ്പും അതിഥികള്‍

ഫുജൈറ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന വെബിനാറില്‍ കേരളത്തിലെ പ്രഥമ വനിതാ ഐപിഎസ് ഓഫീസറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തക, വിദ്യാഭ്യാസ പ്രവര്‍ത്തക, എഴുത്തുകാരി, കോര്‍പറേറ്റ് ട്രെയ്‌നര്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ ഡോ. പുഷ്പ കുറുപ്പും മുഖ്യാതിഥികളായി പങ്കെടുക്കും. ‘വനിതാ ശാക്തീകരണം’, ‘വനിതാ നേതൃത്വം’ എന്നീ വിഷയങ്ങള്‍ അധിഷ്ഠിതമായി നടക്കുന്ന വെബിനറില്‍ ഇരുവരും സംസാരിക്കും. മാര്‍ച്ച് 8ന് രാത്രി 8 മണിക്ക് സൂം ആപ്‌ളികേഷന്‍ വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആര്‍.ശ്രീലേഖ
ഡോ. പുഷ്പ കുറുപ്പ്

സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകളുള്ള വിഭാഗമാണ് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഫോറം. വനിതകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശാക്തീകരണ പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് ഓരോ വര്‍ഷവും വിപുലമായ രീതിയിലാണ് രാജ്യാന്തര വനിതാ ദിനം ആഘോഷിക്കാറുള്ളത്. ഇത്തവണ കോവിഡ് 19 പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയാക്കിയതെന്നും മുഴുവന്‍ വനിതാ അംഗങ്ങളും പഠനാര്‍ഹമായ വെബിനറില്‍ പങ്കെടുക്കണമെന്നും ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.