ശൈഖ് ഹംദാന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

സഹോദരന്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പങ്കെടുത്തപ്പോള്‍

ഉംഹുറൈറില്‍ ഖബറടക്കി

ദുബൈ: ബുധനാഴ്ച അന്തരിച്ച ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ മയ്യിത്ത് നമസ്‌കാരം ദുബൈ സാബീല്‍ മസ്ജിദില്‍ നടന്നു. ഉംഹുറൈര്‍ ഖബര്‍സ്താനിലാണ് ഖബറടക്കിയത്. അദ്ദേഹത്തിന്റെ സഹോദരനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം തുടങ്ങിയ പ്രമുഖരും അല്‍മക്തൂം കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍നഹ്‌യാന്‍, ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ശൈഖ് സഈദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ കാര്യ മരന്തി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍, ദുബൈ ലാന്റ് ഹെഡ് ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍മക്തൂം തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
അതിനിടെ, ബുധനാഴ്ച മഗ്‌രിബ് നമസ്‌കാരാനന്തരം രാജ്യത്തുടനീളമുള്ള മസ്ജിദുകളില്‍ ശൈഖ് ഹംദാനു വേണ്ടി നമസ്‌കരിക്കാന്‍ ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്‌മെന്റ് സഹകരണത്തില്‍ ജനറല്‍ അഥോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോമെന്റ്‌സ് മുഴുവന്‍ പള്ളി ഇമാമുമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.