ദുബൈ ഉപ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂം അന്തരിച്ചു

ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂം അന്തരിച്ചു. ശൈഖ് ഹംദാന്റെ സഹോദരനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് മരണ വാര്‍ത്ത അറിയിച്ചത്.
1945 ഡിസംബര്‍ 25ന് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെ രണ്ടാമത്തെ പുത്രനായാണ് ശൈഖ് ഹംദാന്‍ ജനിച്ചത്. ദുബൈ അല്‍അഹ്‌ലിയ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശൈഖ് ഹംദാന്‍, കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. 1971ല്‍ യുഎഇയുടെ ആദ്യ ധന-വ്യവസായ കാര്യ മന്ത്രിയായി ചുമതലയേറ്റ ശൈഖ് ഹംദാന്‍ മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. രാജ്യത്തിന്റെ ധനകാര്യ നയങ്ങളും ഗവണ്‍മെന്റ് വ്യയങ്ങളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം അവിഭാജ്യ പങ്കാണ് വഹിച്ചത്. ദുബൈ മുനിസിപ്പാലിറ്റി, വിവര-ആരോഗ്യ കാര്യ വകുപ്പുകള്‍, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബൈ അലൂമിനിയം (ദുബാല്‍), ദുബൈ നാച്വറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ് (ദുഗ്യാസ്) തുടങ്ങിയ നിരവധി പ്രഗല്‍ഭ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിഭാഗങ്ങളുടെയും ചെയര്‍മാനായിരുന്നു അദ്ദേഹം. ദുബൈ പോര്‍ട്‌സ് അഥോറിറ്റി ഗവേണിംഗ് ബോര്‍ഡ് പ്രസിന്നുന്റായിരുന്ന ശൈഖ് ഹംദാന്‍, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) യുഎഇയുടെയും അറബ് രാഷ്ട്രങ്ങള്‍ക്കായുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ഫണ്ടിന്റെയും ചീഫ് റെപ്രസെന്ററ്റീവുമായിരുന്നു.
1995 ജനുവരി 4നാണ് ശൈഖ് ഹംദാന്‍ ദുബൈ ഉപ ഭരണാധികാരിയായി നിയമിതനായത്. അല്‍മക്തൂം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ലോകമെങ്ങുമുള്ള നിരവധി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് ശൈഖ് ഹംദാന്‍ ധനസഹായം നല്‍കിയിട്ടുണ്ട്.
2006ല്‍ റോയല്‍ ബ്രിട്ടീഷ് കോളജില്‍ നിന്ന് പ്രഥമ വ്യക്തിത്വത്തിനുള്ള പുരസ്‌കാരം ശൈഖ് ഹംദാന് ലഭിച്ചു. എഡിന്‍ബര്‍ഗിലെ റോയല്‍ ബ്രിട്ടീഷ് കോളജില്‍ നിന്ന് ഇന്റേണല്‍ മെഡിസിനുള്ള ഓണററി ഫെലോഷിപ് അദ്ദേഹം കരസ്ഥമാക്കി. റോയല്‍ ബ്രിട്ടീഷ് കോളജ് ഗ്‌ളാസ്‌ഗോയില്‍ നിന്ന് ഇന്റേണല്‍ മെഡിസിന്‍ ആന്റ് സര്‍ജറി ഫെലോഷിപ്പും അദ്ദേഹം നേടി. ഹോഴ്‌സ് റേസിംഗും ധോ റേസിംഗും ഇഷ്ട വിനോദങ്ങളായിരുന്നു.