ദുബൈ അയണ്‍മാന്‍ ചാമ്പ്യന്‍ഷിപ് 2021: ജിഡിആര്‍എഫ്എ ദുബൈക്ക് ഒന്നാം സ്ഥാനം

ദുബൈ അയണ്‍മാന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജിഡിആര്‍എഫ്എ ദുബൈ ടീമംഗങ്ങള്‍

ദുബൈ: ദുബൈ അയണ്‍മാന്‍ 70.3 ചാമ്പ്യന്‍ഷിപ്പില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബൈ എമിഗ്രേഷന്‍) ട്രയാത്‌ലണ്‍ ടീം ഗ്രൂപ്പിനത്തില്‍ ഒന്നാം സ്ഥാനം നേടി. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ 87 രാജ്യങ്ങളില്‍ നിന്നും എണ്‍പതിലധികം ടീമുകളാണ് പങ്കെടുത്തത്. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനവും ദുബൈ എമിഗ്രേഷന്‍ ടീമിനാണ് ലഭിച്ചത്.
വകുപ്പിന്റെ എ, ബി ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇതില്‍ ബി ടീമാണ് ഒന്നാം സ്ഥാനം നേടിയത്. വകുപ്പിലെ ജീവനക്കാരായ മുബാറക് അല്‍ ബിസര്‍ (നീന്തല്‍), ജാസിം അലി ( സൈക്‌ളിംഗ്), ഉബൈദ് അല്‍ നഈമി (ഓട്ടം) എന്നിവരായിരുന്നു സ്വര്‍ണ മെഡല്‍ ലഭിച്ച ടീമിലുണ്ടായിരുന്നത്. അമീര്‍ അല്‍ ബഹരി ( സ്വിമ്മിംഗ്), ഖലീഫ നഈമി (റണ്ണിംഗ്), മുഹമ്മദ് അല്‍ മുറൈവ്വി (സൈക്‌ളിംഗ്) എന്നിവരാണ് വെങ്കല മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഡെന്‍മാര്‍ക്കിന്റെ ഡാന്‍ ബക്ക്ഗാര്‍ഡും (പുരുഷ വിഭാഗം) സ്വിസ് താരം ഡാനിയേല റൈഫും (വനിതാ വിഭാഗം) ജേതാക്കളായി.

ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി

നേരത്തെ, അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ഐടിയു വേള്‍ഡ് ട്രയാത്‌ലണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയത് ദുബൈ എമിഗ്രേഷന്‍ ടീമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ജിഡിആര്‍എഫ്എ ദുബൈയുടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളത്. ടൂര്‍ണമെന്റില്‍ വിജയിച്ച ടീമുകളെ ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിനന്ദിച്ചു. ജീവനക്കാരില്‍ മികച്ച ആരോഗ്യക്ഷമത ഉറപ്പു വരുത്താനായി വകുപ്പിന്റെ കായിക കമ്മിറ്റി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഏറ്റവും നല്ല സേവനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ ആരോഗ്യപരമായ ഒരു മനസും ശരീരവും മികവുറ്റതാകാന്‍ ഇത്തരത്തിലുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ ഏറെ സഹായകമാകുമെന്ന് മേജര്‍ ജനറല്‍ അല്‍മര്‍റി പറഞ്ഞു.
ലോകത്തിലെ മികച്ച കായിക താരങ്ങള്‍ പങ്കെടുക്കുന്ന ദുബൈ അയണ്‍മാന്‍ ടൂര്‍ണമെന്റില്‍ മലയാളികളും പങ്കാളികളായി. നിസാര്‍, ധര്‍മജന്‍, ഷിജോണ്‍.വി, ഷബീര്‍, പ്രദീപ്, ഷാഫി, അഭിഷേക്, റിമേസന്‍, മോഹന്‍ദാസ് തുടങ്ങിയവരാണ് പങ്കെടുത്തത്. ഇവര്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരള റൈഡേഴ്‌സ് ക്‌ളബ്ബിനെ പ്രതിനിധീകരിച്ചാണിവര്‍ എത്തിയത്.