‘ദി പ്രീസ്റ്റി’ന്റെ വന്‍ വിജയത്തില്‍ മമ്മൂട്ടിയോട് നന്ദിയും കടപ്പാടുമെന്ന് സംവിധായകന്‍ ജോഫിന്‍

'ദി പ്രീസ്റ്റ്' സിനിമയുടെ ഗള്‍ഫിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ട്രൂത്ത് ഗ്‌ളോബല്‍ ഫിലിംസും മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ചാപ്റ്ററും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈയില്‍ ഒരുക്കിയ ചടങ്ങില്‍ സംബന്ധിച്ച സംവിധായകന്‍ ജോഫിന്‍.ടി ചാക്കോ, ട്രൂത്ത് ഗ്‌ളോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്,നടിമാരായ നിഖില വിമല്‍, ബേബി മോണിക്ക, മാര്‍ക്‌വേ ബിസിനസ് സെറ്റപ് കമ്പനി എംഡി അജ്മല്‍, അശ്വനി രവീന്ദ്രന്‍ എന്നിവര്‍

ദുബൈ: ‘ദി പ്രീസ്റ്റ്’ സിനിമയുടെ വന്‍ വിജയത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് സംവിധായകന്‍ ജോഫിന്‍.ടി ചാക്കോ. ഈ സിനിമയുടെ ഗള്‍ഫിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ട്രൂത്ത് ഗ്‌ളോബല്‍ ഫിലിംസും മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ചാപ്റ്ററും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈയില്‍ ഒരുക്കിയ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോഫിന്‍.
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമായാണ് ഈ സിനിമാ വിജയത്തെ കാണുന്നതെന്ന് കടുത്ത മമ്മൂട്ടി ആരാധകന്‍ കൂടിയായ ഈ നവാഗത സംവിധായകന്‍ പറഞ്ഞു.
അത്യധികം കഠിന പരിശ്രമം നടത്തിയാണ് താന്‍ ഇന്നത്തെ സംവിധായകനായി മാറിയിട്ടുള്ളതെന്ന് പറഞ്ഞ ജോഫിന്‍, ‘ദ പ്രീസ്റ്റി’ലെ ഫാദര്‍ ബെനഡിക്റ്റ് ആയി മമ്മൂട്ടി അവതരിപ്പിച്ച വേഷം ചാരിതാര്‍ത്ഥ്യം പകര്‍ന്നുവെന്നും അഭിപ്രായപ്പെട്ടു.
നിര്‍മാതാവ് ആന്റോ ജോസഫ് ആണ് മമ്മൂക്കയോട് കഥ പറയാന്‍ സൗകര്യമൊരുക്കിയത്. ഈ കഥ കേട്ടാല്‍ മനസ്സിലാകുമോയെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, തന്നെ ഞെട്ടിച്ചു കൊണ്ട് ഈ കഥക്ക് മമ്മൂട്ടി സമ്മതം മൂളി. മമ്മൂട്ടിയിലെ യഥാര്‍ത്ഥ അഭിനേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ഇങ്ങനെയൊരു കഥ എങ്ങനെ മമ്മൂട്ടിയെ പോലൊരാളെ പറഞ്ഞ് മനസ്സിലാക്കി എന്ന് സുഹൃത്തുക്കള്‍ അതിശയം കൂറിയിട്ടുണ്ട്. കാരണം, രണ്ടാം ഭാഗത്തെ പല രംഗങ്ങളും ദൃശ്യവത്കരിക്കാന്‍ കഴിയുന്നത് പോലെ പറഞ്ഞ് മനസ്സിലാക്കുകയെന്നത് വലിയ ടാസ്‌ക് ആണ്. അതില്‍ പരാജയപ്പെട്ടാല്‍ ഒരു താരവും ഡേറ്റ് നല്‍കില്ല. മൂന്നു മണിക്കൂര്‍ സമയമെടുത്ത് മമ്മൂട്ടി കഥ കേട്ടുവെന്നതും അമ്പരപ്പുളവാക്കിയിരിക്കുന്നു. അവിടെയാണ് മമ്മൂട്ടിയെന്ന പ്രതിഭയെ കണ്ടെടുക്കാന്‍ കഴിഞ്ഞതെന്നും ജോഫിന്‍ വ്യക്തമാക്കി.
ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ തന്നെ സിനിമ തന്നെ ആവേശം കൊള്ളിച്ചിരുന്നുവെന്ന് പറഞ്ഞ ജോഫിന്‍, അതിന്റെ നാള്‍ വഴികളെ കുറിച്ചും വാചാലനായി. സുഹൃത്ത് ഉണ്ണിയായിരുന്നു സിനിമാ മേഖലയില്‍ കൂടെയുണ്ടായിരുന്നയാള്‍. അവാര്‍ഡുകള്‍ നേടിയ പ്രതിഭ കൂടിയായിരുന്നു ഉണ്ണി. എന്നാല്‍, പൊടുന്നനെയുള്ള ഉണ്ണിയുടെ മരണം താങ്ങാനാകുന്നതായിരുന്നില്ല. ശേഷം, ഒറ്റക്കായിരുന്നു സിനിമാ യാത്രകള്‍. പത്ത് ് വര്‍ഷത്തോളം സിനിമാ വഴിയില്‍ വലിയ പരിശ്രമങ്ങള്‍ നടത്തി.
കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഇന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇനി സിനിമയാണ് ജീവിത വഴിയെന്ന് തീര്‍ച്ചപ്പെടുത്തിയെന്നും ജോഫിന്‍ കൂട്ടിച്ചേര്‍തതു.
കോവിഡ് 19 ഈ സിനിമയുടെ ഷൂട്ടിംഗില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നു. ഇങ്ങനെ ചിത്രതീകരണം ആദ്യം നിര്‍ത്തിയ സിനിമയും ‘ദി പ്രീസ്റ്റ്’ ആയിരുന്നു. മാര്‍ച്ച് പത്തിനാണ് ഷൂട്ടിംഗ് നിര്‍ത്തിയത്. കുറച്ച് ദിവസം കഴിഞ്ഞ് ഷൂട്ട് തുടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് തുടങ്ങുന്നത് എട്ട് മാസത്തിന് ശേഷമാണ്.
കുറെ പ്രതിസന്ധികള്‍ നേരിട്ടാണ് ഈ സിനിമയെ പ്രേക്ഷക സമക്ഷം എത്തിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഈ സിനിമയുടെ വിജയത്തില്‍ വലിയ അളവില്‍ സഹായിച്ചു. നിഖില വിമലും ബേബി മോണിക്കയും നിര്‍ണായക ഘടകങ്ങളായി മാറി.
ഒരു സീനില്‍ മാത്രമാണ് അവര്‍ ഒരുമിച്ചിട്ടുള്ളതെങ്കിലും അതൊരു വലിയ ടാസ്‌കായിരുന്നു. ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സീനായിരുന്നു. സെറ്റിലുള്ളവര്‍ കൈയടിച്ചാണ് ഈ ഷോട്ട് സ്വീകരിച്ചത്. തീയറ്ററിലും ഈ രംഗത്തിന് നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ടെന്നും ജോഫിന്‍ പറഞ്ഞു.
ഒടിടി പ്‌ളാറ്റ്‌ഫോമിന് വേണ്ടി നിര്‍മിച്ച സിനിമയല്ല ഇതെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തിയ്യറ്റര്‍ സിനിമയാണിത്. ഒടിടിക്ക് വേണ്ടി ഇത്ര ചെലവില്‍ സിനിമയെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ സിനിമക്ക് ഇപ്പോള്‍ കിട്ടുന്ന നല്ല സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. തിയ്യറ്ററില്‍ നിന്നുള്ള അനുഭവം വേറെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കുടുംബ പ്രേക്ഷകര്‍ ഈ സിനിമയെ നെഞ്ചേറ്റിക്കഴിഞ്ഞുവെന്നത് വലിയ സംതൃപ്തി പകരുന്നു.
കന്നി സിനിമ തന്നെ വന്‍ സ്വീകാര്യത നേടിയതിലുള്ള സന്തോഷം തുറന്നു പ്രകടിപ്പിച്ച ജോഫിന്‍ എന്നാല്‍, അടുത്ത പടത്തെ കുറിച്ചുള്ള സൂചന നല്‍കിയില്ല. വിവാഹം കഴിഞ്ഞ് ആറു മാസമായെങ്കിലും ഒരു മാസമാണ് വീട്ടില്‍ നിന്നതെന്നും ഇനി അല്‍പം വിശ്രമിച്ചേ മറ്റൊരു സിനിമ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ സ്വദേശിയായ ജോഫിന്‍ അധ്യാപകരായ ചാക്കോ-അന്നമ്മ ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരി ജോബിനി മുണ്ടൂര്‍ എച്ച്എസ്എസ് അധ്യാപിക. രണ്ടാമത്തെ ചേച്ചി ഡോ. ജോഷിനി ഗവേഷണ മേഖലയില്‍. മൂന്നാമത്തെ ചേച്ചി ജോസിനി തിരുവല്ല മെഡിക്കല്‍ മിഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഭാര്യ ആന്‍സി എംബിഎക്ക് പഠിക്കുന്നു.
അതിനിടെ, മമ്മൂട്ടി ആരാധകനായ തന്റെ അച്ഛന്‍ കാത്തിരുന്ന ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’ എന്നും അസുഖക്കിടക്കയിലായിരുന്നപ്പോഴും അച്ഛന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നുവെന്നും ഈ സിനിമ തിയ്യറ്ററില്‍ ചെന്നു കാണണം എന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം പക്ഷേ, നടക്കാതെ പോയതില്‍ ദു:ഖമുണ്ടെന്നും ചടങ്ങില്‍ സംബന്ധിച്ച നടി നിഖില വിമല്‍ പറഞ്ഞു. പെട്ടെന്ന് അച്ഛന്‍ ഞങ്ങളെയെല്ലാം വിട്ട് ഈ ലോകത്ത് നിന്നു പോയത് ഏറെ സങ്കടകരമാണ്. എന്നാല്‍ ചിത്രം ഗംഭീര വിജയമായപ്പോള്‍ ഏറ്റവുമധികം സന്തോഷം അച്ഛന് തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും തനിക്കും വ്യക്തിപരമായി അങ്ങനെ തന്നെയാണെന്നും മമ്മൂക്കയുടെ കൂടെയുള്ള അഭിനയം തനിക്കു വലിയ അനുഭവം സമ്മാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ജോഫിനും നിഖലക്കും പുറമെ, ട്രൂത്ത് ഗ്‌ളോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, നടി ബേബി മോണിക്ക, മാര്‍ക്‌വേ ബിസിനസ് സെറ്റപ് കമ്പനി എംഡി അജ്മല്‍, അശ്വനി രവീന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഈ സിനിമ നല്‍കിയ വിജയം വലിയ ആവേശം പകര്‍ന്നുവെന്നും നല്ല സിനിമകള്‍ ഇനിയും നിര്‍മിക്കുമെന്നും അബ്ദുല്‍ സമദ് വ്യക്തമാക്കി.