ലുലു എക്‌സ്‌ചേഞ്ചിന്റെ എണ്‍പതാം ശാഖ അജ്മാനില്‍ പ്രവര്‍ത്തനമാരംഭിച്ചു

അജ്മാനില്‍ പുതിയ ലുലു എക്‌സ്‌ചേഞ്ച് ശാഖ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തപ്പോള്‍

അബുദാബി: ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ എണ്‍പതാമത് ശാഖ അജ്മാന്‍ വ്യവസായ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരാഴ്ചക്കിടെ തുറന്നു പ്രവര്‍ത്തനമാരംഭിച്ച മൂന്നാമത് ശാഖയും 231ാമത് ആഗോള ശാഖയുമാണിത്. ധനവിനിമയ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നാളുകളെക്കാള്‍ പ്രാധാന്യമേറിയ സമയമാണിപ്പോള്‍. മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രകള്‍ പോലും മുടങ്ങിയപ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവരിലേക്ക് യഥാസമയം പണമെത്തിക്കുന്നതില്‍ മണി എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം നിര്‍ണായകമായി. ആഗോള ധനവിനിമയ സ്ഥാപനമെന്ന നിലക്ക് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സേവനം നിരവധിയാളുകള്‍ക്ക് സഹായമായി. കമ്പനിയുടെ 2021ലെ വികസന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം നിരവധി പുതിയ ശാഖകളാണ് പ്രവര്‍ത്തനം കുറിച്ചത്. അജ്മാനില്‍ പ്രവര്‍ത്തനമാരംഭിച്ച ശാഖയടക്കം ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാക്കുന്നു.
ശാസ്ത്രീയതയിലൂന്നി യുഎഇയിലുടനീളം ഗുണമേന്മയുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. യുഎഇയിലെ സുപ്രധാന കേന്ദ്രമെന്ന നിലക്ക് അജ്മാന്‍ വ്യവസായ മേഖലയിലെ ശാഖ മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍പേരിലേക്ക് എളുപ്പത്തില്‍ എത്തിക്കും. 2009ല്‍ സ്ഥാപിതമായ ലുലു എക്‌സ്‌ചേഞ്ചിനെ യുഎഇയിലെ ഏറ്റവും മികച്ച എക്‌സ്‌ചേഞ്ച് ഹൗസുകളിലൊന്നായി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പണമയക്കല്‍, വിദേശ കറന്‍സി വിനിമയം, ഡബ്‌ള്യു.പി.എസ് തുടങ്ങിയ നിരവധി മൂല്യവര്‍ധിത സേവനങ്ങളാണ് ലുലു എക്‌സ്‌ചേഞ്ച് നല്‍കി വരുന്നത്. നിക്ഷേപകര്‍ക്കും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കും ലുലു പ്രീമിയര്‍ എന്ന പേരില്‍ വ്യക്തിഗത സേവനങ്ങളും നടപ്പാക്കുന്നുണ്ട്. 11 രാജ്യങ്ങളിലായാണ് 231 ഐഎസ്ഒ 9001 അംഗീകൃത ശാഖകള്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള എക്‌സ്‌ചേഞ്ചിനുള്ളത്. എല്ലാ പ്രമുഖ അന്താരാഷ്ട്ര പണമിടപാട് ശൃംഖലകളുമായും ചേര്‍ന്ന് ലുലു എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ കുറ്റമറ്റതാക്കുന്നു. രാജ്യത്തെ മികച്ച റേറ്റിംഗ് ലഭിച്ച ആപ്‌ളിക്കേഷനുകളിലൊന്നായ ‘ലുലു മണി’ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു.