മലേഷ്യയില്‍ 15 ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി; മലേഷ്യന്‍ പ്രധാനമന്ത്രിയുമായി എം.എ യൂസുഫലി കൂടിക്കാഴ്ച നടത്തി

119
ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസീനുമായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തുന്നു

അബുദാബി: മലേഷ്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസീനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗ്രൂപ്പിന്റെ മലേഷ്യയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് യൂസുഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നിലവില്‍ രണ്ട് ഹൈപര്‍ മാര്‍ക്കറ്റുകളാണ് മലേഷ്യയിലുള്ളത്. ഈ വര്‍ഷം നാല് ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. ക്വാലാലംപൂര്‍, സെലാംഗൂര്‍, ജോഹോര്‍, പുത്രജയ തുടങ്ങിയ വിവിധ നഗരങ്ങളിലാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ മലേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും യൂസുഫലി കൂടിക്കാഴ്ചക്കിടെ പറഞ്ഞു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലേഷ്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനെയും ചെയര്‍മാന്‍ എം.എ യൂസുഫലിയെയും മലേഷ്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, ഓപറേഷന്‍സ് ഓഫീസര്‍ സലീം വി.ഐ എന്നിവരും സംബന്ധിച്ചു.