
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരനുമായി ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി കൂടിക്കാഴ്ച നടത്തി. മനാമയിലെ റിഫ കൊട്ടാരത്തിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ റീടെയില്‍ മേഖല ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖല നല്കുന്ന സംഭാവനകളെ പ്രകീര്‍ത്തിച്ച കിരീടാവകാശി രാജ്യ പുരോഗതിക്കായി കൂടുതല്‍ ദേശീയ വിഭവങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. കൊറോണ പ്രതിസന്ധിയെ നേരിടുന്നതില്‍ സര്‍ക്കാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനെ കിരീടാവകാശി പ്രത്യേകമായി കൂടിക്കാഴ്ചയില്‍ അഭിനന്ദിക്കുകയും ചെയ്തു.
ബഹ്റൈന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് എം.എ യൂസുഫലി അഭിപ്രായപ്പെട്ടു.
ബഹ്റൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, ലുലു ബഹ്റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ലുലു ഗ്രൂപ്പിന്റെ പുതിയ റീജ്യണല്‍ ഓഫീസ് ബഹ്റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ റീജ്യണല്‍ ഓഫീസിന്റെ ഉദ്ഘാടനം ഗ്രൂപ് ചെയര്മാന് എം.എ യൂസുഫലി നിര്‍വഹിച്ചു. മനാമ സീഫിലാണ് ലുലു റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.