മൂണ്‍ റിട്രീറ്റ്: ചാന്ദ്ര ഗോപുരങ്ങളില്‍ ക്യാമ്പ് ചെയ്യാം

പുരാവസ്തു ശേഷിപ്പുകളാലും മനോഹരമായ മരുഭൂ കാഴ്ചകളാലും സമ്പന്നമായ ഷാര്‍ജ മലീഹയില്‍ പുതിയ ആതിഥേയ കേന്ദ്രമൊരുക്കി ഷാര്‍ജ നിക്ഷേപക വികസന വകുപ്പ് (ശുറൂഖ്). ‘മൂണ്‍ റിട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാമ്പിംഗ് കേന്ദ്രം മാര്‍ച്ച് മാസത്തോടെ അതിഥികള്‍ക്കായി വാതില്‍ തുറക്കും. ‘മിസ്‌ക് ബൈ ഷസ’യുമായി ചേര്‍ന്ന ശുറൂഖ് രൂപം കൊടുത്ത ‘ഷാര്‍ജ കലക്ഷന്‍’ എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയ വിശേഷമാണ് ‘മൂണ്‍ റിട്രീറ്റ്’.
ഷാര്‍ജയെ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ വികസന പദ്ധതികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ പുതിയ പദ്ധതി, പ്രകൃതി സൗഹൃദ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വ് പകരുന്നതാണ്.
കുടുംബ സഞ്ചാരികള്‍ക്കും സാഹസികത തേടുന്നവര്‍ക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ വിധത്തിലാണ് മൂണ്‍ റിട്രീറ്റ് ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ചന്ദ്രനെ അനുസ്മരിപ്പിക്കും വിധത്തില്‍ അര്‍ധ വൃത്താകൃതിയിലാണ് ഇവിടത്തെ താമസയിടങ്ങള്‍. മരുഭൂമിയില്‍ പ്രത്യേകം തയാറാക്കിയ പ്രതലത്തില്‍ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങള്‍ (ഡോം) കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പാകത്തിലുള്ള നാല് ടെന്റുകള്‍, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെന്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓരോ താമസയിടത്തോടും ചേര്‍ന്ന് സ്വകാര്യ സ്വിമ്മിംഗ് പൂളുകളും ബാര്‍ബക്യൂ ഇടവുമൊരുക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് സ്വന്തം നിലക്ക് മരുഭൂമിയിലൂടെ ഹൈക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

ശുറൂഖ് പ്രൊജക്റ്റ് വിഭാഗം മേധാവി ഖൗല അല്‍ഹാഷ്മി

ഹോട്ടല്‍ എന്ന വിശേഷണത്തെക്കാള്‍ പ്രകൃതിയോടിണങ്ങിയ ആധുനിക ക്യാമ്പിംഗ് സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂണ്‍ റിട്രീറ്റിന്റെ പുറത്തു വിട്ട കാഴ്ചകളും വിശേഷങ്ങളും. 75 ശതമാനം നിര്‍മാണം പൂര്‍ത്തിയായ റിട്രീറ്റ്, മാര്‍ച്ച് മാസത്തോടെ അഥിതികളെ സ്വീകരിച്ചു തുടങ്ങും.
പൗരാണിക കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പ്രശസ്തമായ മലീഹ ആര്‍കിയോളജി സെന്ററിന്റെ ഭാഗമായാണ് മൂണ്‍ റിട്രീറ്റ് ഒരുങ്ങുന്നത്. മനോഹരമായ മലീഹ മരുഭൂമിയിലെ സാഹസിക വിനോദങ്ങളും രാത്രിയിലെ ആകാശ നിരീക്ഷണവും തനത് പാരമ്പര്യ രുചികളുമെല്ലാം ആധുനിക ആതിഥേയ സൗകര്യങ്ങളോട് ചേരുമ്പോള്‍, മൂണ്‍ റിട്രീറ്റിലെത്തുന്ന അതിഥികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്ന് ശുറൂഖ് പ്രൊജക്റ്റ് വിഭാഗം മേധാവി ഖൗല അല്‍ഹാഷ്മി പറഞ്ഞു. ”പ്രായഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്ന അനുഭവമാകും മൂണ്‍ റിട്രീറ്റ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി, മലീഹ മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച്, കുടുംബത്തോടൊപ്പമോ ഒറ്റക്കോ വിനോദങ്ങളിലേര്‍പ്പെടാനും വിശ്രമിക്കാനുമുള്ള ഒരു മനോഹര കേന്ദ്രം. വേറിട്ട വാസ്തു ശൈലി മാത്രമല്ല, ക്യാമ്പിംഗ് അനുഭവത്തോടെ ആഡംബര ആതിഥേയ രീതികള്‍ സമ്മേളിക്കുന്നുവെന്ന വിശേഷവും ഇവിടെയുണ്ട്” – അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദിത്ത വിനോദസഞ്ചാര കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി, സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായുള്ള വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഷാര്‍ജയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മൂണ്‍ റിട്രീറ്റ്. പാരമ്പര്യത്തെ ചേര്‍ത്തു പിടിച്ച് രൂപം കൊടുക്കുന്ന ഇത്തരം ധാരാളം പദ്ധതികള്‍ ശുറൂഖിന്റെ നേതൃത്വത്തില്‍ എമിറേറ്റിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുകയും പുതുതായി ഒരുങ്ങുകയും ചെയ്യുന്നുണ്ട്.
പൗരാണിക കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പ്രശസ്തമായ മലീഹ ആര്‍കിയോളജിക്കല്‍ ആന്‍ഡ് ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാകുന്ന പുതിയ കേന്ദ്രം, പ്രദേശത്തെ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക വിനോദ സഞ്ചാര മേഖല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും വളര്‍ച്ച രേഖപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും കടന്നു വരുന്നത്, തൊഴില്‍മേഖലക്കും ആശ്വാസകരമാണ്.