ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനവുമായി മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി 26ന്

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള മാര്‍ച്ച് 26ന് നടക്കും. അറബ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യ വിരുന്ന് കാണാനാവുക. യുഎഇ സമയം വൈകുന്നേരം 3 മുതല്‍ 5 വരെയാണ് പരിപാടി. ദുബൈ കൊച്ചിന്‍ എംപയര്‍ ലയണ്‍സ് ക്‌ളബ് യുഎഇയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്‌ളാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കി കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാനുള്ള അവസരം നല്‍കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സെന്ററിലെ ഭിന്നശേഷി കലാകാരന്മാരും ഈ ഓണ്‍ലൈന്‍ മാജിക് പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ഈ കലാകാരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാജിക് പ്‌ളാനറ്റില്‍ നടന്നു വരികയാണ്. ഭിന്നശേഷിക്കാരുടെ സര്‍വതോമുഖ വികാസത്തിനനുസൃതമായി നിരവധി ട്രെയിനിംഗ് സെന്ററുകളും അനവധി കലാവതരണ വേദികളും ഈ പദ്ധതിയിലുള്‍പ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണ സംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി മാജിക് പ്‌ളാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി നടപ്പിലാക്കിയ എംപവര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ പദ്ധതികളുടെ തുടര്‍ച്ചയായാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതി നടപ്പാക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കുയര്‍ത്താനും എല്ലാവരെയും പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ വലിയൊരിടമുണ്ടെന്ന് ബോധിപ്പിക്കാനുള്ള വലിയൊരു ശ്രമമാണ് മാജിക് അക്കാദമി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരുടെ മാനസികവും ബൗദ്ധികവുമായ പുരോഗമനം ലക്ഷ്യമിടുമ്പോഴും സര്‍ഗപരമായ അവരുടെ കഴിവുകള്‍ വികസിപ്പിച്ച് ഒരു വരുമാനമാര്‍ഗം കൂടി ലഭ്യമാക്കുന്ന വലിയൊരു പദ്ധതിയാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍. കൂടുതല്‍ വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനും ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.differentartcetnre.com സന്ദര്‍ശിക്കുക.—————–