ദേശക്കൂറ് ഒരു സുകൃതമാണ്

ഓരോര്‍ത്തര്‍ക്കും അവര്‍ വസിക്കുന്ന മണ്ണും വിണ്ണുമുള്ള നാട് ആത്മബന്ധമുള്ളതായിരിക്കും. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്ക് മദീന ദേശത്തോട് അതിയായ സ്‌നേഹമായിരുന്നു. ”മക്കയോടുള്ള സ്‌നേഹം കണക്കെയോ അതിലുപരിയായോ മദീനയോട് ഇഷ്ടപ്പാട് ഉണ്ടാക്കണേ” എന്നായിരുന്നു തിരുനബി (സ്വ) പ്രാര്‍ത്ഥിച്ചിരുത് (ഹദീസ് ബുഖാരി 6372). ദേശ സ്‌നേഹമെന്നത് വാക്കുകള്‍ക്കതീതമായ വികാരമാണ്. വര്‍ണനാതീതം. ഒരാളെ അളക്കാന്‍ അയാളുടെ ദേശക്കൂറ് മതി. മുന്‍ പരിചയമോ അനുഭവമോ പരീക്ഷണമോ ഇല്ലാതെ ഒരാളെ വിലയിരുത്തുന്നതെങ്ങനെയെന്ന ചോദ്യത്തിന് ജ്ഞാനികള്‍ നല്‍കുന്ന ഉത്തരം, ദേശസ്‌നേഹം മാനദണ്ഡമാക്കി ഒരാളെ വായിച്ചെടുക്കാനാകുമെന്നാണ്.
നമ്മുടെ വിശ്വാസവും സംസ്‌കാരവും സമ്പത്തും അഭിമാനവുമെല്ലാം നാടെന്ന അഭയ കേന്ദ്രത്തിലാണ് നിലകൊള്ളുന്നത്. നാടില്ലാത്തവന്‍ അഭയാര്‍ത്ഥിയായിരിക്കും. അവന് അഭയമുണ്ടാവില്ല. ഭയമായിരിക്കും. അഭിമാനം സംരക്ഷിക്കപ്പെട്ടെന്നു വരില്ല. സ്ഥായിയായ സമ്പത്തുണ്ടാവില്ല. മതചിന്തകള്‍ പാലിക്കാനാവില്ല. ജീവിതം തന്നെ അര്‍ത്ഥമില്ലാത്തതായിരിക്കും. നാം ഏറെ അനുഗൃഹീതരാണ്. നാഥന്‍ നമ്മെ നല്ല നാടില്‍ വസിപ്പിച്ചിരിക്കുകയാണ്. ഇവിടെ നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. നമ്മുടെ കാര്യങ്ങള്‍ നേരാംവണ്ണം നിര്‍വഹിക്കപ്പെടുകയും ചെയ്യും.
സത്യത്തില്‍, നാട് എന്നാല്‍ തലമുറകളിലൂടെ നമ്മളില്‍ ഏല്‍പ്പിക്കപ്പെട്ട സൂക്ഷിപ്പു സ്വത്താണ്. അതിലെ മണ്ണും വായുവും വെളിച്ചവും വസ്തു വകകളുമെല്ലാം പരിപാലിക്കേണ്ടത് നാമോരോര്‍ത്തരുടെയും ബാധ്യതയാണ്. നാടിന്റെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്‌കാരിക-സാങ്കേതിക ഉന്നമനത്തിന് ഓരോ പൗരനും മനസ് വെക്കണം. ഉല്‍പാദന ക്ഷമതക്കും സുസ്ഥിര വികസനത്തിനും നാടിനായി ഉറക്കമൊഴിച്ച് പ്രയത്‌നിക്കണം. പ്രതിബന്ധങ്ങള്‍ പോരായ്മകളും വീഴ്ചകളുമില്ലാത്ത വിധം പ്രതിരോധിക്കണം. നാടിന്റെ സൂക്ഷിപ്പു ചുമതല വരുംതലമുറക്ക് കൈമാറണം. അതാണ് നാടിനോടുള്ള നമ്മുടെ ഉത്തരവാദിത്തം. ”തങ്ങളുടെ ഉത്തരവാദിത്തങ്ങളും കരാറുകളും പാലിക്കുന്നവര്‍ വിജയിച്ചിരിക്കുന്നു”വെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് ( സൂറത്തുല്‍ മുഅ്മിനൂന്‍ 8, സൂറത്തുല്‍ മആരിജ് 32).
നാടിന്റെ മേന്മയില്‍ അഭിമാന പുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാര്‍ത്ഥിക്കണം. ഇബ്രാഹിം നബി (അ) മക്കാ പ്രദേശത്തിന് വേണ്ടി ”നാഥാ ഈ നാടിനെ നിര്‍ഭയ സ്ഥലിയാക്കേണമേ” എന്ന് പ്രാര്‍ത്ഥിച്ചത് വിശുദ്ധ ഖുര്‍ആന്‍ ചരിത്രകഥനം ചെയ്യുന്നുണ്ട് (സൂറത്തു ഇബ്രാഹിം 35). ”മദീന ദേശത്ത് അനുഗ്രഹം ചൊരിയേണമേ”യെന്ന് നമ്മുടെ നബി(സ്വ)യും പ്രാര്‍ത്ഥിച്ചത് ഹദീസുകളില്‍ കാണാം (ഹദീസ് ബുഖാരി, മുസ്‌ലിം). ലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യ കടാക്ഷത്താല്‍ നമ്മുടെ നാട് ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ്. നമ്മുടെ പൂര്‍വികരാണ് ഈ വികസനത്തിനും വികാസത്തിനും വേണ്ടി അഹോരാത്രം പണിപ്പെട്ടത്. അവരില്‍ നിന്നും നാം പകര്‍ന്ന ദേശക്കൂറ് നിഷ്‌കളങ്കമായി തുടര്‍ന്നും പ്രകടിപ്പിക്കണം. നാടിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം. കാരണം, ദേശസ്‌നേഹം ഒരു സുകൃതമാണ്. ജഗന്നിയന്താവ് പ്രതിഫലം നല്‍കുന്ന സുകൃതം. ”സത്യവിശ്വാസിയായിക്കൊണ്ട് ആരെങ്കിലും വല്ല സുകൃതവും അനുവര്‍ത്തിച്ചാല്‍ തന്റെ പ്രയത്‌ന ഫലം അവന് നിഷേധിക്കപ്പെടില്ല. നാമത് രേഖപ്പെടുത്തി വെക്കുക തന്നെ ചെയ്യുന്നതാണ്” (സൂറത്തുല്‍ അന്‍ബിയാഅ് 94). ദേശസ്‌നേഹം ആത്മീയമായും പ്രതിഫലാര്‍ഹമെന്നര്‍ത്ഥം.