അല്‍ ഐനില്‍ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പിന്റെ 204ാമത് ഹൈപര്‍ മാര്‍ക്കറ്റ് അല്‍ ഐനില്‍ പൗര പ്രമുഖന്‍ അഹമ്മദ് അബ്ദുള്ള അഹമ്മദ് അല്‍ മര്‍സൂഖി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

അല്‍ ഐന്‍: ലുലു ഗ്രൂപ്പിന്റെ 204 മത് ഹൈപര്‍ മാര്‍ക്കറ്റ് അല്‍ ഐനില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ഐനിലെ അല്‍ ക്രയറില്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പൗര പ്രമുഖന്‍ അഹമ്മദ് അബ്ദുള്ള അഹമ്മദ് അല്‍ മര്‍സൂഖിയാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്.
നാല്‍പതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ചതും അല്‍ ഐന്‍ മേഖലയിലെ പന്ത്രണ്ടാമത്തേതുമായ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. എക്‌സ്‌ചേഞ്ച്, എടിഎം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഏറ്റവും ആകര്‍ഷക വിലയില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
മസിയാദ് പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികള്‍ക്കും താമസക്കാര്‍ക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ് നല്‍കുകയെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും വാണിജ്യ-വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമാണ്. ഭരണ നേതൃത്വത്തിന്റെ യഥാസമയമുള്ള ഇടപെടലുകള്‍ ഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
കോവിഡ് 19 സാഹചര്യത്തിലും കൂടുതല്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2021 ആദ്യ പാദത്തിലെ ഏഴാമത്തെ ഹൈപര്‍ മാര്‍ക്കറ്റാണിത്. വരും ദിവസങ്ങളില്‍ ദുബൈ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി ഒരോ ഹൈപര്‍ മാര്‍ക്കറ്റ് വീതം പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആരംഭിച്ച ഹൈപര്‍ മാര്‍ക്കറ്റുകളുടെ എണ്ണം പത്താകും.
അല്‍ ഐനിലെ ഇകൊമേഴ്‌സ് സ്റ്റോറിന്റെ ഉദ്ഘാടനവും നടന്നു. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ശൈഖ് സാലം ബിന്‍ റക്കാദ് അല്‍ ആമിരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ, അല്‍ ഐന്‍ മേഖലയില്‍ ഇകൊമേഴ്‌സ് ഉല്‍പന്ന വിതരണം കൂടുതല്‍ ഫലപ്രദമാകുമെന്ന് യൂസുഫലി പറഞ്ഞു.
ലുലു അല്‍ ഐന്‍ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, റീജ്യണല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.