ഭരണ മാറ്റത്തിനായി പ്രവാസി വനിതാ കൂട്ടായ്മ

ദുബൈ: അഞ്ചു വര്‍ഷത്തെ പിണറായിയുടെ കിരാത ഭരണത്തിന് അറുതി വരുത്തണമെന്നും ഒരു ഭരണമാറ്റത്തിനായി പ്രാര്‍ത്ഥനയോടെ അരയും തലയും മുറുക്കി പ്രവാസി വനിതകള്‍ രംഗത്തിറങ്ങണമെന്നും പ്രമുഖ പ്രവാസി എഴുത്തുകാരി ഷീലാ പോള്‍. സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെ ഇനിയും കണ്ണടക്കാന്‍ വയ്യ. എങ്ങും അശാന്തിയാണ്. സന്തോഷകരമായ ഒരു വാര്‍ത്ത പോലും ഈ ദിനങ്ങളിലൊന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. മഹാമാരിക്കാലത്ത് കൊട്ടിഗ്‌ഘോഷിക്കുന്നതല്ലാതെ പ്രയോഗികമായ നിയന്ത്രണം വരുത്താന്‍ കേരള സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. യുഎഇ വനിതാ കെഎംസിസിയും യുഎഇ ഇന്‍കാസ് വനിതാ വിഭാഗവും ചേര്‍ന്ന് നടത്തിയ യുഎഇ തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ (വെബിനാര്‍ ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. യുഎഇ വനിതാ കെഎംസിസി ചെയര്‍പേഴ്‌സണ്‍ വഹീദ ഹാരിസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കരുതലിനും മുന്‍തൂക്കം നല്‍കി യുഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രിക സമാനതകളില്ലാത്തതും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നവരുമാണെന്നും വഹീദ ഹാരിസ് അഭിപ്രായപ്പെട്ടു.
വനിതാ ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ചെഗുവേരയില്‍ നിന്ന് ചെന്താമരയിലേക്ക് കമ്മ്യൂണിസ്റ്റുകാര്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. ജോലിക്ക് വേണ്ടി യുവജനങ്ങള്‍ മുട്ടിലിഴയേണ്ട സ്ഥിതി വരുത്തിയ ഈ സര്‍ക്കാറിനെ തൂത്തെറിയണം. ആശ്രിതര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയും ക്രിമിനലുകള്‍ക്ക് മുന്തിയ റാങ്കുകള്‍ നല്‍കിയും പിഎസ്‌സി യുടെ വിശ്വാസ്യത തകര്‍ത്തു. യുവാക്കളെ നടുറോഡില്‍ വെട്ടിയരിഞ്ഞ സര്‍ക്കാറാണിത്. ആഗോള വിപണിയിലെ മുഴുവന്‍ സുഗന്ധം പൂശിയാലും കേരളത്തിലെ അമ്മമാരുടെ ഹൃദയത്തിലേറ്റ മുറിവിന്റെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം മായുകയില്ലെന്നും സുഹറ മമ്പാട് പറഞ്ഞു.
കണ്‍വെന്‍ഷനില്‍ യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി, ഇന്‍കാസ് യുഎഇ വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍, ദുബൈ ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് സി.എ ബിജു, ജന.സെക്രട്ടറി ബി.എ നാസര്‍, അബുദാബി ഇന്‍കാസ് പ്രസിഡന്റ് യേശുശീലന്‍, ഫുജൈറ ഇന്‍കാസ് പ്രസിഡന്റ് കെ.സി അബൂബക്കര്‍, ഇന്‍കാസ് ദുബൈ വനിതാ വിഭാഗം പ്രസിഡന്റ് ദീപ അനില്‍, ദുബൈ വനിതാ കെഎംസിസി പ്രസിഡന്റ് എ.പി സഫിയ, യുഎഇ വനിതാ കെഎംസിസി കോഓര്‍ഡിനേറ്റര്‍ ഫെബിന റഷീദ്, ഫുജൈറ വനിതാ കെഎംസിസി പ്രസിഡന്റ് മെഹര്‍ബ, റാസല്‍ഖൈമ വനിതാ കെഎംസിസി പ്രസിഡന്റ് ജുമാന കരീം, റാസല്‍ഖൈമ ഇന്‍കാസ് വനിതാ വിംഗ് പ്രസിഡന്റ് മെഹന, ദുബൈ ഇന്‍കാസ് സെക്രട്ടറി നളിനി ആനന്ദന്‍, ലക്ഷ്മി ദേവി രാമചന്ദ്രന്‍, ശ്രീല മോഹന്‍ദാസ്, ദിവ്യ ശ്രീനിവാസ്, ശോശാമ്മ ഈപ്പന്‍ സംസാരിച്ചു. ദുബൈ ഇന്‍കാസ് ജന.സെക്രട്ടറി സിന്ധു മോഹന്‍ സ്വാഗതവും യുഎഇ വനിതാ കെഎംസിസി ജനറല്‍ കണ്‍വീനര്‍ അഡ്വ. നാസിയ ഷബീര്‍ നന്ദിയും പറഞ്ഞു.