പ്രവാചകന്മാര്‍ സത്യമത പ്രചാരകന്മാര്‍

39

അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യെ അല്ലാഹു സവിശേഷമായ ‘ഇസ്‌റാഅ്’ രാപ്രയാണത്തിനും ‘മിഅ്‌റാജ്’ ആകാശാരോഹണത്തിനും അവസരമേകി അനുഗ്രഹിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഇസ്‌റാഅ് ഒന്നാം സൂക്തത്തില്‍ തന്നെ അല്ലാഹു വ്യക്തമാക്കുന്നു: ”തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ”. ഈ യാത്രയില്‍ നബി (സ്വ) ഒരേ പള്ളിയുടെ മേല്‍ക്കൂരക്ക് കീഴെ ഒന്നിച്ചുള്ള കുറെ പ്രവാചകന്മാരെ കണ്ടു. ഏവരും സഹോദരന്മാര്‍ കണക്കെ. കാരണം, എല്ലാവരും നിയോഗിതരായത് ഒരൊറ്റ സന്ദേശം പ്രചരിപ്പിക്കാനാണല്ലോ. ഓരോ കാലഘട്ടത്തിലെയും പ്രദേശത്തെയും വ്യവസ്ഥകളും നിയമങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലാവരുടെയും വിശ്വാസ സംഹിത ഒന്നു മാത്രമായിരുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു: ”നബിമാരെല്ലാം ഒരൊറ്റ പിതാവിന്റെ മക്കളെ പോലെ സഹോദരങ്ങളാണ്, മാതാക്കള്‍ വെവ്വേറെയാണ്. എന്നാല്‍, വിശ്വാസം ഏവരുടെയും ഒന്നു തന്നെ” (ഹദീസ് ബുഖാരി 3443). അതായത്, എല്ലാ പ്രവാചചകന്മാരും ഇസ്‌ലാമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പ്രവാചകരന്മാരാണ്. ”നിങ്ങളുടെ പിതാവായ ഇബ്രാഹിം നബി(അ)യുടെ മാര്‍ഗമാണിതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്” (സൂറത്തുല്‍ ഹജ്ജ്). വ്യവസ്ഥകളും വിധിവിലക്കുകളും വിവിധങ്ങളെങ്കിലും പ്രബോധന കാര്യം ഒന്നു മാത്രമായിരുന്നു. അതാണ് ശാന്ത സുന്ദര ഇസ്‌ലാം മതം.
ഏഴ് ആകാശങ്ങളിലേക്ക് കയറിച്ചെന്ന പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) അവിടെ ധാരാളം അത്ഭുത കാഴ്ചകള്‍ കണ്ടു. ”തന്റെ നാഥന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ അവിടെ നിന്ന് കാണുകയുണ്ടായി” (സൂറത്തുന്നജ്മ് 18). ആദി പിതാവ് ആദം നബി(അ)യെ കണ്ടു. പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി(അ)യെയും മറ്റു നബിമാരായ ഇദ്‌രീസ് (അ), യൂസുഫ് (അ), മൂസാ (അ), ഹാറൂന്‍ (അ), യഹ്‌യ (അ), ഈസാ (അ) എന്നിവരെയും കണ്ടു. നമ്മുടെ നബി (സ്വ)യുടെ വരവില്‍ അവര്‍ സന്തോഷിച്ചു. അവരെ നബി (സ്വ) സ്വീകരിച്ചാനയിച്ചു (ഹദീസ് ബുഖാരി, മുസ്‌ലിം). ഈ സംഭവം പ്രവാചകന്മാര്‍ക്കിടയിലുള്ള ഐക്യവും ഏകതാബോധവുമാണ് സൂചിപ്പിക്കുന്നത്. അവര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രതിധ്വനിക്കുന്നത്. എല്ലാവരുടെയും ദൗത്യത്തിന്റെ കാതല്‍ ഏക ദൈവ വിശ്വാസമാണ്. പരമേശ്വരനായ അല്ലാഹുവിനെ ഏകമായി ആരാധിക്കാനുള്ള സന്ദേശമാണ് ഏവരും സമുദായങ്ങള്‍ക്ക് നല്‍കിയത്. മുന്‍കഴിഞ്ഞ എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹുഅല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും അതിനാല്‍ അവനെ ആരാധിക്കണമെന്നുമുള്ള ദിവ്യ സന്ദേശം മുന്‍നിയോഗിതരായ മുഴുവന്‍ പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് അല്ലാഹു നബി(സ്വ)യെ അറിയിച്ചത് (സൂറത്തു അമ്പിയാഅ് 25). മതം, സ്വശരീരം, കുടുംബം, സമ്പത്ത്, ബുദ്ധി, നാട് ഇവയോടെല്ലാം നീതി ചെയ്യുമ്പോഴാണ് ഏക ദൈവാരാധന പൂര്‍ണമാവുന്നത്.
നബി(സ്വ)ക്ക് മിഅ്‌റാജ് യാത്രയില്‍ ഇബ്രാഹിം നബി(അ)യുടെ അടുക്കലേക്ക് ചെന്നപ്പോള്‍ പറയുകയുണ്ടായി: ”ഹേ മുഹമ്മദ്, താങ്കള്‍ താങ്കളുടെ സമുദായക്കാരോട് എന്റെ സലാം പറയണം” (ഹദീസ് തുര്‍മുദി 3462). സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആ ദീപപ്രഭയാണ് അന്ത്യപ്രവാചകര്‍ (സ്വ) ലോകത്താകമാനം പരത്തിയത്. പ്രവാചകര്‍ കൈമാറിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി, സത്കര്‍മ സജ്ജരായി ദൈവികതയില്‍ അല്ലാഹുവോടൊപ്പം ആരെയും പങ്കു ചേര്‍ക്കാതെ വിശ്വസിച്ചു ജീവിക്കലാണ് സമുദായംഗങ്ങളായ നമ്മുടെ ബാധ്യത.