വായിക്കുക, പിന്നെയും വായിക്കുക…

അറിവുകളിലേക്കുള്ള വാതായനമാണ് വായന. ബുദ്ധിയുടെ ഭക്ഷണമാണത്. വായിക്കുമ്പോള്‍ ബുദ്ധി വികസിക്കുന്നു. ചിന്തകള്‍ പ്രവിശാലമായി സഞ്ചരിക്കുന്നു. ഉള്‍ക്കാഴ്ചകള്‍ ഉരുത്തിരിഞ്ഞ് ചിത്തങ്ങള്‍ പ്രഭാപൂരിതമാകുന്നു. പരിശുദ്ധ ഇസ്‌ലാം മതം വായനക്ക് പ്രത്യേക പ്രചോദനം നല്‍കുന്നുണ്ട്. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്ക് ഇറങ്ങിയ ആദ്യ വഹ്‌യ് (ദിവ്യ ബോധനം) തന്നെ വായിക്കാനുള്ള ആഹ്വാനമാണല്ലോ. അതായത്, പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം തന്നെ വായിക്കാന്‍ കല്‍പിച്ചു കൊണ്ടാണ്. ”വായിക്കുക, സൃഷ്ടികര്‍മം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍. രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥന്‍ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രെ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു” (സൂറത്തുല്‍ അലഖ് 1, 2, 3, 4, 5).
ഈ ആദ്യ ഖുര്‍ആനിക സൂക്തങ്ങള്‍ അല്ലാഹു മനുഷ്യന് കനിഞ്ഞേകിയ കാരുണ്യാനുഗ്രഹങ്ങളെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. നബി (സ്വ) അനുചരന്മാരെ വായിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. സൈദു ബ്‌നു സാബിത്തി(റ)ന്റെ വായനാ തല്‍പരത തിരിച്ചറിഞ്ഞ നബി (സ്വ) അദ്ദേഹത്തിന്റെ ജ്ഞാനങ്ങളില്‍ നിന്ന് ജനങ്ങളും പഠിക്കാന്‍ സംവിധാനം ഏര്‍പ്പാട് ചെയ്തിരുന്നു. നല്ല വായനകളാണ് നല്ല സംസ്‌കാരങ്ങള്‍ സ്ഥാപിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള പ്രധാന നിദാനവും വായന തന്നെ. അറിവ് നല്‍കപ്പെട്ടവരെ അല്ലാഹു ഏറെ പദവികളില്‍ ഉയര്‍ത്തുമെന്നാണ് സൂറത്തുല്‍ മുജാദില പതിനൊന്നാം സൂക്തം വ്യക്തമാക്കുന്നത്. ജ്ഞാനാര്‍ജനത്തിന്റെ പരമ പ്രഥമ മാര്‍ഗം വായനയാണ്. വായന ഒരു സംസ്‌കാരമായി നിലനില്‍ക്കണം. മാതാപിതാക്കള്‍ മക്കള്‍ക്ക് വായനാവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. നല്ല വായനക്കും നല്ല സംവാദങ്ങള്‍ക്കും അവരെ പ്രാപ്തരാക്കണം.
വായനകളില്‍ വച്ചേറ്റവും ശ്രേഷ്ഠമായത് ഖുര്‍ആന്‍ പാരായണമാണ്. പ്രതിഫലാര്‍ഹമായ ആരാധന കൂടിയാണത്. ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത്ര ഓതാനാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത് (സൂറത്തു മുസമ്മില്‍ 20). ഓരോ വീട്ടിലെയും കുട്ടികളും മുതിര്‍ന്നവരും വായനാ ശീലമുള്ളവരായിരിക്കണം. ഖുര്‍ആന്‍ പാരായണത്താലും മറ്റു വായനകളാലും വീടകങ്ങള്‍ സജീവമാകണം. സ്മാര്‍ട്ട് കാലത്ത് നൂതന വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇലക്‌ട്രോണിക് പതിപ്പുകള്‍ വായിക്കാനും സമയം കണ്ടെത്തണം. മഹത്തായ യുഎഇ രാജ്യം വായനക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഓഫീസുകളിലും ഇതര വകുപ്പുകളുടെ ആസ്ഥാനങ്ങളിലും വായനക്കായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വായനക്കുള്ള സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്.
—————–