ശഅ്ബാന്‍, റമദാനിനൊരു ആമുഖം

34

എല്ലായ്‌പ്പോഴും ചെയ്യേണ്ടതാണ് സല്‍കര്‍മങ്ങള്‍. എന്നാല്‍, ചില സമയങ്ങളിലെയും ചില മുഹൂര്‍ത്തങ്ങളിലെയും സല്‍കൃത്യങ്ങള്‍ ഏറെ സവിശേഷവും പ്രത്യേകതയാന്നര്‍തുമായിരിക്കും. നബി (സ്വ) പറയുന്നു: ”നിങ്ങള്‍ എല്ലാ സമയത്തും നന്മകള്‍ ചെയ്ത് അല്ലാഹുവിന്റെ കാരുണ്യ നോട്ടങ്ങള്‍ക്ക് പാത്രീഭൂതരാവുക, അല്ലാഹുവിന്റെ അനുഗ്രഹ പ്രവാഹങ്ങള്‍ വെളിവാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത് അവന്‍ ഉദ്ദേശിക്കുന്ന അടിമകള്‍ക്ക് ലഭിക്കും” (ഹദീസ് മുഅ്ജമുല്‍ കബീര്‍, ത്വബ്‌റാനി 720). അത്തരത്തില്‍ സല്‍കര്‍മങ്ങള്‍ക്ക് സവിശേഷതകളുള്ള മാസമാണ് ശഅ്ബാന്‍. അതിലെ ഓരോ ദിവസവും പുണ്യമാക്കപ്പെട്ടതാണ്. ശഅ്ബാനിലെ ദിനങ്ങളിലാണ് സല്‍കര്‍മങ്ങള്‍ പ്രപഞ്ച നാഥനായ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
റമദാനിന് ആമുഖമായി ആരാധനാ നിമഗ്‌നമാക്കേണ്ട ദിനരാത്രങ്ങളാണ് ശഅ്ബാനിലേത്. റമദാന്‍ മാസത്തിനും റജബ് മാസത്തിനുമിടയില്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ് ശഅ്ബാന്‍. എന്നാല്‍, ആ മാസത്തിലാണ് നന്മകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത് എന്നാണ് ശഅ്ബാന്‍ മാസത്തിന്റെ പ്രത്യേകതയെ കുറിച്ച് നബി (സ്വ) പ്രതികരിച്ചത് (ഹദീസ് നസാഈ 2357). പരിശുദ്ധ റമദാന്‍ മാസത്തിനുള്ള തയാറെടുപ്പുകള്‍ ചെയ്യേണ്ട മാസമെന്ന നിലക്ക് ശഅ്ബാനിലും റമദാനിലെ ആരാധനകളും മറ്റു സല്‍കര്‍മങ്ങളും ചെയ്ത് തുടങ്ങേണ്ടതാണെന്നാണ് പണ്ഡിതാഭിപ്രായം.
ഖുര്‍ആന്‍ പാരായണം, നമസ്‌കാര നിര്‍വഹണം, രഹസ്യവും പരസ്യവുമായ ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ പ്രത്യാശിക്കുന്നത് തീരെ നഷ്ടമില്ലാത്ത കച്ചവടമാണെന്നും അവര്‍ക്ക് അല്ലാഹു പ്രതിഫലം പൂര്‍ത്തീകരിച്ചും ഇരട്ടിപ്പിച്ചും കൊടുക്കുമെന്നും സൂറത്തുല്‍ ഫാത്വിര്‍ 29, 30 സൂക്തങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. അതു പ്രകാരം, റമദാനിന് മുഖവുരയായി പരിഗണിച്ച് ശഅ്ബാനിനെ ആരാധനകളാലും മറ്റു പുണ്യ പ്രവര്‍ത്തനങ്ങളാലും സജീവമാക്കണം.
ശഅ്ബാന്‍ 15ാം രാവ് ശ്രേഷ്ഠമാക്കപ്പെട്ടതാണ്. ആ രാത്രിയില്‍ അല്ലാഹു കരുണ തേടിയവര്‍ക്ക് കാരുണ്യക്കടലാകും. പശ്ചാത്താപം ചെയ്തവര്‍ക്ക് പാപമോചനം നല്‍കും. പാപികള്‍ക്ക് മാപ്പു നല്‍കുകയും ചെയ്യും. അബൂ മൂസല്‍ അശ്അരി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു, നബി (സ്വ) പറയുന്നു: ശഅ്ബാനിലെ 15ാം രാവില്‍ അല്ലാഹു ഇറങ്ങി വന്ന് സകല സൃഷ്ടികള്‍ക്കും പാപങ്ങള്‍ പൊറുത്തു കൊടുക്കും. ദൈവികതയില്‍ പങ്കു ചേര്‍ത്തവര്‍ക്കും വിദ്വേഷം വെച്ചു പുലര്‍ത്തുന്നവര്‍ക്കുമൊഴികെ (ഇബ്‌നുമാജ 1390). ഈ അവസരം അക്രമികള്‍ക്ക് മാപ്പു നല്‍കിയും തര്‍ക്കിച്ചവരോട് സമവായം ചെയ്തും ഉപയോഗപ്പെടുത്താവുന്നതാണ്. അങ്ങനെ പ്രാര്‍ത്ഥിച്ചും പശ്ചാത്തപിച്ചും ദൈവത്തിലേക്ക് വണങ്ങി ശുദ്ധ മനസ്സോടു കൂടി പരിശുദ്ധ മാസമായ റമദാനിനെ വരവേല്‍ക്കാം.