സാമൂഹിക പ്രവര്‍ത്തകന്‍ മാധവന്‍ പാടി നിര്യാതനായി

15
മാധവന്‍ നായര്‍ പാടി

ഷാര്‍ജ: ഷാര്‍ജയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കാസര്‍കോട് പാടി സ്വദേശി മാധവന്‍ നായര്‍ (62) നിര്യാതനായി. മാസ് ഷാര്‍ജ പ്രവര്‍ത്തകനും വര്‍ഷങ്ങളോളം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. മികച്ച സംഘാടകനായിരുന്ന മാധവന്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്നു.
1984 മുതല്‍ പ്രവാസ ലോകത്ത് സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. യുഎഇയിലെ കൊക്കക്കോള കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ പ്രസീതയാണ് ഭാര്യ. മക്കള്‍: ശ്രേയ, റിത്വിക്. സംസ്‌കാരം പിന്നീട് നടക്കും.

അനുശോചിച്ചു
അബുദാബി: മാസ് ഷാര്‍ജയുടെ സജീവ പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായിരുന്ന മാധവന്‍ പാടിയുടെ വേര്‍പാടില്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അനുശോചിച്ചു. യുഎഇയിലെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മാധവന്‍ പാടി ലോക കേരള സഭാംഗമായതിനെ തുടര്‍ന്ന് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാട് തീരാ നഷ്ടമാണെന്നും ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്റ് ടി.കെ മനോജും ജന.സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.