യുഎഇ ഇന്നൊവേറ്റ്‌സ് 2021: ബയോമെട്രിക് സ്മാര്‍ട് ട്രാവല്‍ സംവിധാനത്തിന് അംഗീകാരം

'യുഎഇ ഇന്നൊവേറ്റ്‌സ് അവാര്‍ഡ് 2021'ല്‍ ബയോമെട്രിക് സ്മാര്‍ട് ട്രാവല്‍ സംവിധാനത്തിലുള്ള അംഗീകാരം ഏറ്റുവാങ്ങി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയും മറ്റു ഉദ്യോഗസ്ഥരും ഫോട്ടോക്ക് പോസ് ചെയ്യുന്നു

ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നൊവേഷന്‍ സംഘടിപ്പിച്ച ‘യുഎഇ ഇന്നൊവേറ്റ്‌സ് അവാര്‍ഡ് 2021’ല്‍ ബയോമെട്രിക് സ്മാര്‍ട് ട്രാവല്‍ സംവിധാനത്തിന് അംഗീകാരം. സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യയുടെ കാറ്റഗറിയിലാണ് സ്മാര്‍ട് ട്രാവലിന് അവാര്‍ഡ് ലഭിച്ചത്. ദുബൈ എയര്‍പോര്‍ട്ടില്‍ മനുഷ്യ ഇടപെടലുകള്‍ ഇല്ലാതെ കാമറയില്‍ മുഖം കാണിച്ച് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ബയോമെട്രിക് സ്മാര്‍ട് ട്രാവല്‍. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) ആണ് ഇത് നടപ്പാക്കിയത്. എക്‌സ്‌പോ 2020 ടെറ സസ്റ്റയ്‌നബിലിറ്റി പവലിയനില്‍ നടന്ന ചടങ്ങിലാണ് യുഎഇ ഇന്നൊവേറ്റ്‌സ് അവാര്‍ഡ് സമര്‍പ്പണം നടന്നത്. വിവിധ രംഗങ്ങളിലെ നൂതന ആശയങ്ങളുടെ അണിയറ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3ലെ ഫസ്റ്റ് ബിസിനസ് ക്‌ളാസ് യാത്രക്കാരുടെ ഡിപാര്‍ചര്‍ ഭാഗത്താണ് ആദ്യ ഘട്ടത്തില്‍ ഈ സംവിധാനം നിലവിലുള്ളത്. വിമാന യാത്രക്ക് പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിംഗ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറുന്നത് വരെ മുഖം കാട്ടി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അതിനൂതന സംവിധാനമാണ് ബയോമെട്രിക് സ്മാര്‍ട് ട്രാവല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞാണ് നടപടികള്‍ സാധ്യമാക്കുന്നത്. ഇതിലൂടെ യാത്ര ചെയ്യാന്‍ ആദ്യ തവണ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പിന്നീട്, ബയോമെട്രിക് സംവിധാനത്തിലൂടെ നേരിട്ട് യാത്രാ നടപടികള്‍ നടത്താവുന്നതാണ്. 17 വയസിന് മുകളിലുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക.
ദുബൈ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രകള്‍ സുഗമമാവാന്‍ അത്യാധുനിക സംവിധാനങ്ങളാണ് ജിഡിആര്‍എഫ്എഡി ഒരുക്കിയിട്ടുള്ളത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്. ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി അവാര്‍ഡ് ഏറ്റുവാങ്ങി.