റമദാന്‍: വില കുറക്കാന്‍ 175 മില്യന്‍ ദിര്‍ഹം വകയിരുത്തി യൂണിയന്‍ കോപ്പ്

32
ഖാലിദ് ഹുമൈദ് ദിബാന്‍ അല്‍ഫലാസി അല്‍വര്‍ഖ സിറ്റി മാളില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍

30,000ത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവുകള്‍

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ്പ്, ആകര്‍ഷക ഡിസ്‌കൗണ്ടുകളും പ്രമോഷന്‍ കാമ്പയിനുകളും സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളുമായി ഈ വര്‍ഷത്തെ റമദാന്‍ മാസത്തെ സഹര്‍ഷം വരവേല്‍ക്കുന്നു. 30,000ത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെയുള്ള വിലക്കിഴിവുകളടക്കം റമദാന്‍ പ്രമോഷനുകള്‍ക്കായി 175 മില്യന്‍ ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നതെന്ന് യൂണിയന്‍ കോപ്പ് സിഇഒ ഖാലിദ് ഹുമൈദ് ദിബാന്‍ അല്‍ഫലാസി, ഹാപ്പിനസ് ആന്റ് മീഡിയ ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ബസ്തകി എന്നിവര്‍ അല്‍വര്‍ഖ സിറ്റി മാള്‍ യൂണിയന്‍ കോപ്പില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു.
യൂണിയന്‍ കോപ്പിന്റെ റമദാന്‍ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കവേ, ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും വസ്തുക്കളും താങ്ങാനാകുന്ന ഏറ്റവും മികച്ച വിലയില്‍ സുഗമമായും ആയാസ രഹിതമായും ലഭിക്കാനുള്ള തങ്ങളുടെ യത്‌നങ്ങളുടെ ഭാഗമായി സമൂഹത്തിലാകമാനം സന്തുഷ്ടി പ്രദാനം ചെയ്യാനായാണ് ഇത്തരം റമദാന്‍ കാമ്പയിനുകളും സംരംഭങ്ങളും വിഭാവനം ചെയ്തിരിക്കുന്നതെന്ന് അല്‍ഫലാസി വെളിപ്പെടുത്തി. അരി, മാംസം, കോഴിയുല്‍പന്നങ്ങള്‍, കാന്‍ ഫുഡ്‌സ്, പഴം-പച്ചക്കറികള്‍ എന്നീ അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളും റമദാന്‍ പ്രത്യേക ഉല്‍പന്നങ്ങളും പ്രമോഷണല്‍ ഓഫറില്‍ ഉള്‍പ്പെടുന്നു.

പ്രമോഷണല്‍ കാമ്പയിനുകളുടെ ആറു ഘട്ടങ്ങള്‍
30,000 ഭക്ഷ്യ-ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ 25 മുതല്‍ 75 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കുന്ന പ്രമോഷണല്‍ കാമ്പയിനുകള്‍ ആറു ഘട്ടങ്ങള്‍ അടങ്ങുന്നതാണെന്ന് അല്‍ഫലാസി പറഞ്ഞു. രാജ്യത്തെ സമ്മിശ്ര ജനസംഖ്യയിലെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വന്‍ ഉല്‍പന്ന വൈവിധ്യമാണ് സജ്ജമാക്കിയിരിക്കുന്നത്.

തടസ്സപ്പെടാത്ത വിതരണം, 24 മണിക്കൂര്‍ ഷോപ്പിംഗ് അനുഭവം
വിഘ്‌നങ്ങളില്ലാത്ത വിതരണവും 24 മണിക്കൂറുമുള്ള ഷോപ്പിംഗ് അനുഭവവും യൂണിയന്‍ കോപ്പ് മുന്നോട്ടു വെക്കുന്നു. വസ്തുക്കള്‍ എല്ലായ്‌പ്പോഴും ലഭ്യമാവാന്‍ 24 മണിക്കൂര്‍ വിതരണ സംവിധാനം സവിശേഷതയാണ്. സാധനങ്ങളുടെ അധിക സംഭരണത്തിനായി പ്രത്യേക സ്ഥല സൗകര്യമാണുള്ളത്. ലഭ്യത ഉറപ്പാക്കാന്‍ വിതരണക്കാരില്‍ നിന്നും സ്‌റ്റോക്കുകളുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് സ്വീകരിച്ചിട്ടുണ്ട്.
റമദാന്‍ സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ് ഭാഗമായി ഉമ്മു സുഖീം, അല്‍വസ്ല്‍, അല്‍ത്വവാര്‍, അല്‍വര്‍ഖ എന്നിവിടങ്ങളിലെ യൂണിയന്‍ കോപ്പ് സ്‌റ്റോറുകള്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.