ഡബ്‌ള്യുഎംസി കാന്‍സര്‍ ബോധവത്കരണം നടത്തി

ദുബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) മിഡില്‍ ഈസ്റ്റ് റീജ്യന്‍ കാന്‍സര്‍ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണ ഭാഗമായി മാര്‍ച്ച് 14ന് നടത്തിയ പരിപാടിയില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ”കാന്‍സര്‍ രോഗികളെ നമ്മളിലൊരാളായി കൂടെ കൊണ്ടു നടക്കണം. ആ ആത്മവിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അതാണ് അവരുടെ രോഗമുക്തിയിലേക്കുള്ള യാത്ര” -ഡോ. ഗംഗാധരന്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.
കാന്‍സറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടി കുമാരി അരുന്ധതി നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ആരംഭിച്ചത്. ഡബ്‌ള്യുഎംസി
മിഡില്‍ ഈസ്റ്റ് റീജ്യന്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന.സെക്രട്ടറി സന്തോഷ് കേട്ടേത്ത് സ്വാഗതം പറഞ്ഞു. വിമന്‍സ് ഫോറം പ്രസിഡണ്ട് എസ്തര്‍ ഐസക് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ. ദിവ്യ വിജയന്‍ ഡോ. ഗംഗാധരനെ പരിചയപ്പെടുത്തുകയും ചോദ്യോത്തര പരിപാടി നിയന്തിക്കുകയും ചെയ്തു.
യുകെയിലെ സ്വാധീനമുള്ള 100 മലയാളീ വ്യക്തിത്വ പട്ടികയില്‍ ഇടം നേടിയ ഡബ്‌ള്യുഎംസി വിമന്‍സ് ഫോറം ഗ്‌ളോബല്‍ സെക്രട്ടറി ആന്‍സി ജോയിക്ക് ഡോ. ഗംഗാധരന്‍ മിഡില്‍ ഈസ്റ്റ് റീജ്യന്റെ ആദര സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. സന്തോഷ് കേട്ടേത്ത് രചിച്ച കാന്‍സര്‍ ഹാന്‍ഡ് ബുക് ഡോ. ഗംഗാധരന്‍ പ്രകാശനം ചെയ്തു. മിഡില്‍ ഈസ്റ്റ് റീജ്യന്‍ ചെയര്‍മാന്‍ ടി.കെ വിജയന്‍ ഡോ. ഗംഗാധരനെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, വിമന്‍സ് ഫോറം ഗ്‌ളോബല്‍ പ്രസിഡന്റ് തങ്കമണി ദിവാകരന്‍ ആശംസ നേര്‍ന്നു.
കോവിഡ് കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അല്‍ ഐന്‍ പ്രൊവിന്‍സ് അംഗം ബിന്ദു ബോബനെ യോഗം അനുമോദിച്ചു. പരിപാടിയുടെ ഭാഗമായ എംവിആര്‍ കാന്‍സര്‍ സെന്ററിലെ ഡോ. നിഷ യുഎഇ യിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളായ വനിതകള്‍ക്ക് പ്രത്യേക ചികിത്സാ ഇളവുകള്‍ പ്രഖ്യാപിച്ചു.
അല്‍ഖോബാര്‍ പ്രോവിന്‍സ് അംഗം അഭിരാമി ജയന്‍ പരിപാടിയുടെ അവതാരകയായിരുന്നു. മിഡില്‍ ഈസ്റ്റ് റീജ്യന്‍ ട്രഷറര്‍ രാജീവ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചതായി ഡബ്‌ള്യുഎംസി ദുബൈ വൈസ് ചെയര്‍മാന്‍ ഷാബു സുല്‍ത്താന്‍ അറിയിച്ചു.